‘ടൈ’ ട്വന്റി 20 ; അവിശ്വസനീയം ശ്രീലങ്ക, ജയം പിടിച്ച് ഇന്ത്യ

Date:

പ​ല്ലേകെലെ: ട്വന്റി 20 പരമ്പരയിലെ അവസാന പോരാട്ടം ‘ടൈ’യിൽ ഒതുങ്ങി. അവിശ്വസനീയമായ തോൽവി ഏറ്റുവാങ്ങിയ ശ്രീലങ്കക്കുമേൽ ഇന്ത്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അനായാസ ജയത്തിലേക്ക് നീങ്ങിയ ശ്രീലങ്കയുടെ മറുപടി ബാറ്റിംഗും പൊടുന്നനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ ഒതുങ്ങിയതാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റേന്തിയത് ശ്രീലങ്ക. ഇന്ത്യക്കായി പന്തെറിയാൻ വാഷിങ്ടൺ സുന്ദർ. ആദ്യ പന്ത് വൈഡ്. അടുത്ത പന്തിൽ ഒരു റൺസ്. അടുത്തടുത്ത പന്തുകളിൽ കുശാൽ പെരേരയെയും പതും നിസ്സങ്കയെയും ‘വാഷ്’ ചെയ്തു വാഷിങ്ടൺ സുന്ദർ. സ്കോർ ബോർഡിൽ ശ്രീലങ്ക രണ്ട് റൺസ്. ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയ സൂര്യകുമാർ യാദവ് ശ്രീലകയുടെ മഹീഷ് തീക്ഷ്ണയെ ആദ്യ പന്തിൽ തന്നെ അതിർത്തി കടത്തി വിജയമുറപ്പിച്ചു. മൂന്ന് മത്സര പരമ്പര 3 – 0ത്തിന് ഇന്ത്യ സ്വന്തമാക്കി.

മഴ കാരണം ഒരു മണിക്കൂർ വൈകിയാണ് മത്സരമാരംഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ മുൻനിര ഒന്നൊന്നായി കീഴടങ്ങിയ മത്സരത്തിൽ . . ഇന്ത്യൻ സ്കോർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ അവസാനിച്ചു. 37 പന്തിൽ മൂന്ന് ഫോറടക്കം 39 റൺസെടുത്ത ഓപണർ ശുഭ്മൻ ഗില്ലായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.

ഓപ്പണർ യശസ്വി ജയ്സ്വാൾ 10 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ സഞ്ജുവിൻ്റെ രണ്ടാം അവസരവും തഥൈവ. നാല് പന്ത് നേരിട്ട് റണ്ണൊന്നും എടുക്കാതെ മടങ്ങി. ശ്രീലങ്കക്കായി അരങ്ങേറ്റ മത്സരം കളിക്കാനെത്തിയ ചമിന്ദു വിക്രമസിംഗെയുടെ കന്നി വിക്കറ്റായി മലയാളി താരം. സ്കോർ രണ്ടിന് 12. പിന്നെ വന്ന റിങ്കു സിങ്ങും മഹീഷ് തീക്ഷണയുടെ പന്തിൽ പതിരാനയുടെ കൈയിലെത്തിയതോടെ മൂന്നിന് 14 ആയി ഇന്ത്യൻ സ്കോർ. രണ്ട് പന്തിൽ ഒരു റൺസായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. നായകൻ സൂര്യകുമാർ യാദവും ഒമ്പത് പന്തിൽ എട്ട് റൺസെടുത്ത് മടങ്ങി. ശിവം ദുബെയുടെ 14 പന്തിൽ 13.

മറുഭാഗത്ത് ബാറ്റേന്തിനിന്ന ശുഭ്മൻ ഗില്ലിന് കൂട്ടായി റിയാൻ പരാഗ് എത്തിയത് ഇന്ത്യൻ സ്കോർ 100 കടക്കാൻ ഇടയാക്കി. ഉടനെ ഗില്ലും വീണു. 18 പന്തിൽ 26 റൺസെടുത്ത പരാഗും പുറത്തായപ്പോൾ എട്ടാമനായെത്തിയ വാഷിങ്ടൺ സുന്ദർ പ്രതീക്ഷ നൽകി. 18 പന്തിൽ 25 റൺസിലെത്തിയ സുന്ദറിനെ തീക്ഷണ ബൗൾഡാക്കി. രവി ബിഷ്‍ണോയി എട്ട് റൺസുമായി പുറത്താകാതെ നിന്നപ്പോൾ മുഹമ്മദ് സിറാജ് റൺസെടുക്കാതെ റണ്ണൗട്ടായി.

​ശ്രീലങ്കക്കായി മഹീഷ് തീക്ഷണ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വനിന്ദു ഹസരങ്ക രണ്ടും ചമിന്ദു വിക്രമസിംഗെ, അസിത ഫെർണാണ്ടോ, രമേശ് മെൻഡിസ് എന്നിവർ ഓരോ വിക്കറ്റ് നേടി. 

138 റൺസെന്ന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ശ്രീലങ്കയുടേത് മികച്ച തുടക്കമായിരുന്നു. ഓപ്പണർമാരായ പതും നിസ്സങ്കയും കുശാൽ മെൻഡിസും 8.5 ഓവറിൽ നേടിയത് 58 റൺസ്. 27 പന്തിൽ 26 റൺസെടുത്ത നിസ്സങ്കയെ ബിഷ്‍ണോയ് റിയാൻ പരാഗിന്റെ കൈയിലെത്തിച്ചായിരുന്നു ആ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ കുശാൽ പെരേരയും മോശയാക്കിയില്ല. 34 പന്തിൽ 46 റൺസെടുത്ത കുശാൽ പെരേരയും 41 പന്തിൽ 43 റൺസെടുത്ത കുശാൽ മെൻഡിസും ചേർന്ന് ഇന്ത്യയെ ‘കുശാലാ’ക്കി എന്ന് ഉറപ്പിച്ചിടത്ത് നിന്ന് വിക്കറ്റുകൾ ഒന്നൊന്നായി നിലംപൊത്തി. കുശാൽ മെൻഡിസിനെ ബിഷ്‍ണോയി വിക്കറ്റിന് മുന്നിൽ കുടുക്കിയതിന് പിന്നാലെ വനിന്ദു ഹസര​​​ങ്കെ (3), ചരിത് അസലങ്ക (0) എന്നിവരെ വാഷിങ്ടൺ സുന്ദറും കുശാൽ പെരേര (46), രമേശ് മെൻഡിസ് (3) എന്നിവരെ റിങ്കു സിങ്ങും മടക്കിയതോടെ രണ്ടിന് 110 എന്ന ശക്തമായ നിലയിൽനിന്ന് ശ്രീലങ്ക ആറിന് 132 എന്ന നിലയിലേക്ക് വീണു.

അവസാന ​ഓവർ എറിയാൻ പന്തെടുത്തത് ക്യാപ്റ്റൻ തന്നെ. സൂര്യകുമാർ യാദവ് അവസാന ​ഓവർ എറിയാനെത്തുമ്പോൾ ശ്രീലങ്കക്ക് ജയിക്കാൻ വേണ്ടത് ആറ് റൺസ്. ആദ്യ പന്തിൽ കമിന്ദു മെൻഡിസിന് റൺ​സെടുക്കാനായില്ല. രണ്ടാം പന്തിൽ മെൻഡിസിനെ റിങ്കു സിങ്ങിന്റെയും മൂന്നാം പന്തിൽ മഹീഷ് തീക്ഷണയെ സഞ്ജുവിൻ്റെയും കൈകളിലെത്തിച്ച് സൂര്യ കളിയിൽ നിർണ്ണായകമായ വഴിത്തിരിവാണ് സൃഷ്ടിച്ചത്. നാലാം പന്തിൽ അസിത ഫെർണാണ്ടോ ഒരു റൺസ് നേടി. ലക്ഷ്യം രണ്ട് പന്തിൽ അഞ്ച്. അഞ്ചാം പന്തിൽ വിക്രമസിംഗെ രണ്ട് റൺസ് നേടിയതോടെ അവസാന പന്തിൽ വേണ്ടത് മൂന്ന് റൺസ്. അവസാന പന്തിൽ വിക്രമസിംഗെ രണ്ട് റൺസ് നേടി മത്സരം സമനിലയിൽ പിടിച്ചു. പിന്നെ സൂപ്പർ ഓവറും ഇന്ത്യൻ ജയവും കണ്ടു മത്സരം.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...