കോഴിക്കോട്: കനത്ത മഴ പെയ്തിറങിയ റെയിൽവെ ട്രാക്കിൽ തീപ്പൊരി കണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. തിരുനെൽവേലിയിൽ നിന്ന് ജാംനഗറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ലോക്കോ പൈലറ്റ് എം.കെ. പ്രതീഷിന്റെ സമയോചിതമായ ഇടപെടലീലൂടെ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ഫറോക്കിനും കോഴിക്കോടിനും ഇടയിൽ അരീക്കാട് ഭാഗത്തുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങൾക്കൊപ്പം വീണ അലൂമിനിയം ഷീറ്റ് ട്രാക്കിന് മുകളിലെ വൈദ്യുതിലൈനിൽ വന്നുവീണതാണ് തീപ്പൊരിക്ക് കാരണമായത്.
മുന്നിലെ ട്രാക്കിൽ തീപ്പൊരി കണ്ടതിന് പിന്നാലെ വെളിച്ചമില്ലാതായി, ട്രാക്ക് കാണാൻപറ്റാത്ത അവസ്ഥ, വേഗം കുറച്ച് മുന്നോട്ടെടുത്തു. കൺമുന്നിൽ ട്രാക്കിലേക്ക്‍ എന്തോ തള്ളിനിൽക്കുന്നപോലെ കണ്ടപ്പോൾ ഉടൻ ബ്രേക്കിട്ടു’ നിർത്തുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.
ട്രാക്കിലേക്ക് മരങ്ങൾ വീണതും ട്രെയിൻ അതിശക്തമായ ബ്രേക്കിട്ട് നിർത്തുതും കണ്ട് സമീപത്തുണ്ടായിരുന്ന ആളുകളെല്ലാം ഭയാശങ്കകളോടെയാണ് ട്രെയിനിനടുത്തേക്ക് ഓടിയെത്തിയത്. പെട്ടെന്ന് ട്രെയിൻ നിർത്തിയപ്പോൾ യാത്രക്കാരും ആദ്യം അമ്പരന്നുവെന്ന് തീവണ്ടിയിലുണ്ടായിരുന്ന ടിടിഇ എ.ജെ. ബാബു പറഞ്ഞു. പിന്നീടാണ് സംഭവത്തിൻ്റെ കാഠിന്യം മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരുടെ സഹകരണമാണ് അപകടകരമായ ഘട്ടത്തിൽ യാത്രക്കാർക്ക് സഹായകരമായിമാറിയതെന്നും ടിടിഇ പറഞ്ഞു. ട്രാക്കിലേക്ക് മരവും ഷീറ്റും വീണതിനാൽ വലിയ തീപ്പൊരി ഉണ്ടായെന്നും നാട്ടുകാർ പറയുന്നു.
ലൈൻ പൊട്ടിയതോടുകൂടിയാണ് വൈദ്യുതിബന്ധം നഷ്ടപ്പെട്ടത്. അതോടെ ട്രാക്കിലും തീവണ്ടിക്കുള്ളിലും പൂർണമായും ഇരുട്ട് പരന്നു. ട്രെയിൻ ഏറെനേരം നിർത്തിയിടേണ്ടി വന്നപ്പോൾ സംഭവസ്ഥലത്തിറങ്ങിയ
കോഴിക്കോട്ടേക്കുള്ള പല യാത്രക്കാർക്കും റോഡിലേക്കുള്ള വഴികാട്ടി സഹായകമായതും നാട്ടുകാരാണ്.