(Photo Courtesy : X)
കയ്റോ : ഈജിപ്തിലെ ചെങ്കടൽ തീരത്ത് ഹുർഗാദയിലുണ്ടായ മുങ്ങിക്കപ്പൽ അപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. റഷ്യൻ വിനോദസഞ്ചാരികളാണ് മരിച്ച ആറു പേരുമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ‘സിന്ദ്ബാദ് ‘ എന്ന് പേരുള്ള ടൂറിസ്റ്റ് അന്തർവാഹിനിയിൽ ഉണ്ടായിരുന്ന 44 പേരിൽ 29 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് റെഡ് സീ ഗവർണറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അപകടകാരണം എന്താണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് ഏകദേശം 460 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അപകടമുണ്ടായ ഹുർഗാദ. തിരക്കേറിയ വിനോദസഞ്ചാര നഗരമാണിത്.