പാലക്കാട് : തൃത്താലയിൽ പള്ളി ഉറൂസിൻ്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയിൽ ആനപ്പുറത്ത് ഹമാസ് നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചതിൽ വ്യാപക പ്രതിഷേധമുയരുന്നു. ഹമാസ് നേതാക്കളായ യഹ്‌യ സിൻവാറിന്റെയും ഇസ്മായിൽ ഹനിയെയുടെയും ചിത്രങ്ങൾ ‘തറവാടികൾ, തെക്കേഭാഗം’ എന്ന തലക്കെട്ടോടെയാണ് ബാനറുകളിൽ പ്രദർശിപ്പിച്ചത്.
തൃത്താല പള്ളി വാർഷിക ഉറൂസിൻ്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം 3,000 ത്തിലധികം പേർ പങ്കെടുത്ത ഘോഷയാത്രയാണ് പുതിയ രാഷ്ട്രീയവിവാദങ്ങൾക്ക് തിരികൊളുത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം വലിയ രീതിയിൽ പ്രശ്നം ചർച്ചാവിഷയമാണ്.
സിൻവാറിന്റെയും ഹനിയെയുടെയും പോസ്റ്ററുകൾ പിടിച്ച് കൊച്ചുകുട്ടികൾ വരെ അണിനിരന്നു. ഘോഷയാത്രയിലുടനീളം ജനക്കൂട്ടം അവരെ ആർപ്പുവിളിച്ചു പ്രോൽസാഹിപ്പിക്കുന്നതും കാണാമായിരുന്നു. സംഭവം പെട്ടെന്ന് ഒരു തർക്ക വിഷയമായി മാറി. അത്തരം പ്രദർശനങ്ങൾ അനുവദിച്ചതിന് ഫെസ്റ്റിവൽ സംഘാടകരെ പലരും ചോദ്യം ചെയ്തു.
മന്ത്രി എം ബി രാജേഷ്, കോൺഗ്രസ് നേതാവ് വി ടി ബൽറാം തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തത് അഭ്യൂഹങ്ങൾ ഉയർത്തിയിട്ടുണ്ട്. ബാനറുകൾ സംബന്ധിച്ച് ഉറൂസ് ഫെസ്റ്റിവലിൻ്റെ സംഘാടകരിൽ നിന്ന് ഇതുവരെ ഒരു പ്രതികരമൊന്നും ഉണ്ടായിട്ടില്ല.
പലസ്തീൻ അനുകൂല റാലികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമീപകാലത്ത് നടന്ന സംഭവങ്ങളുടെ തുടർച്ചയാണിതെന്നും വ്യാഖ്യാനമുണ്ട്.