ഇന്ത്യക്കാരടക്കം അമേരിക്കയിലെ ആയിരത്തിലധികം വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി യു.എസ് സർക്കാർ. വിസ റദ്ദാക്കപ്പെട്ടവരിൽ പകുതിയോളം ഇന്ത്യക്കാരും 14% ചൈനക്കാരുമാണ്. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ബാക്കി വരുന്നവർ. വിസ റദ്ദാക്കിയതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് പാർക്കിങ് പിഴകളും അമിത വേഗതയും ചെറിയ പിഴകളുമാണ്. വിദ്യാർത്ഥി സമൂഹത്തിനിടയിൽ ഇത് ഏറെ ആശങ്ക പരത്തിയിട്ടുണ്ട്.
അമേരിക്കൻ സർക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കം ഹാർവാർഡ്, സ്റ്റാൻഫോർഡ്, മിഷിഗൺ സർവ്വകലാശാല, ഒഹായോ സ്റ്റേറ്റ് സർവ്വകലാശാല എന്നിവയുൾപ്പെടെ 160 ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയാണ് ബാധിച്ചിരിക്കുന്നത്. വിഷയത്തിൽ ചില വിദ്യാർത്ഥികൾ സർക്കാരിനെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
ബിരുദദാനത്തിന് ശേഷം താൽക്കാലികമായി ജോലി ചെയ്യാൻ സാധിക്കുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് പദ്ധതിയിൽ യു.എസിൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികളെയും ഇത് ബാധിച്ചിട്ടുണ്ട്. തൊഴിൽ വിസയോടൊപ്പം താൽക്കാലികമായി ജോലി ചെയ്യാൻ അവരെ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. ഏകദേശം 5,00,000 ബിരുദ വിദ്യാർത്ഥികളും 3,42,000 ബിരുദാനന്ത വിദ്യാർത്ഥികളും ഉൾപ്പെടെ യു.എസിൽ 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളാണുള്ളത്.