വാഷിങ്ടണ്‍: അമേരിക്ക – ചൈന വ്യാപാര യുദ്ധം അസാധാരണമായ രീതിയിലേക്ക് നീങ്ങുന്നു. ആഗോള വിപണി തകർന്ന് തരിപ്പണമാകുമ്പോഴും തീരുവ നടപടിയിൽ മുറുകെ പിടിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിൻവലിച്ചില്ലെങ്കിൽ തീരുവ 50% കൂടി കൂട്ടുമെന്നാണ് ട്രംപിൻ്റെ ഭീഷണി. തീരുമാനം നടപ്പായാൽ ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 104 % നികുതി നൽകേണ്ടി വരും. കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ തീരുവ നടപടികൾക്ക് മറുപടിയായി യു.എസ്. ഉത്പന്നങ്ങള്‍ക്ക് 34% നികുതി ചൈന പ്രഖ്യാപിച്ചത്.
തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് ചൈനയ്‌ക്കെതിരായ നികുതി പ്രഖ്യാപിച്ചത്. യു.എസിനെതിരെ ചുമത്തിയ 34 ശതമാനം നികുതി ചൈന പിന്‍വലിച്ചില്ലെങ്കില്‍ അടുത്ത ദിവസം വീണ്ടും അധികമായി 50 ശതമാനം നികുതികൂടി ചുമത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി. എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപര യുദ്ധം ശക്തമായത്. യു.എസിനെതിരെ പകരച്ചുങ്കം ചുമത്താത്ത രാജ്യങ്ങളുമായി മാത്രമേ ഇനി വ്യാപാര ചര്‍ച്ചകള്‍ നടത്തൂവെന്നാണ് ഡൊണാൾഡ് ട്രംപിന്‍റെ നിലപാട്.
പകരച്ചുങ്കമുണ്ടാകുമെന്ന ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ നേരിടാന്‍ തയ്യാറാണെന്ന് ചൈന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വ്യാപാര യുദ്ധം ആര്‍ക്കും നേട്ടം നല്‍കില്ലെന്നും നികുതി ചുമത്തിയാല്‍ യു.എസിനെതിരെ പകരച്ചുങ്കമുണ്ടാകുമെന്നും ചൈനയും വ്യക്തമാക്കിയിരുന്നു.
അതേസമയം, യുഎസിലേക്കുള്ള ഇറക്കുമതിക്ക് രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തിയതിൻ്റെ ഫലമായി യുഎസ് ഓഹരി വിപണി തകര്‍ന്നടിഞ്ഞു. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായാണ് വിലയിരുത്തൽ. ആപ്പിള്‍, എന്‍വിഡിയ തുടങ്ങിയ പ്രധാന യുഎസ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ടെക്, റീട്ടെയില്‍ ഓഹരികളെയാണ് ഇടിവ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആഗോള എണ്ണവിലയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. സ്വർണ വിലയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.