ന്യൂഡല്‍ഹി : അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുറി നൽകില്ലെന്ന് ഒയോ. പുതുവര്‍ഷത്തിൽ പുതിയ ചെക്ക് – ഇൻ നയങ്ങൾ പ്രാബല്യത്തില്‍ വരും. അതനുസരിച്ച് ഇനി അവിവാഹിതരായ സ്ത്രീ പുരുഷന്മാരെ ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല.
ഉത്തർപ്രദേശിലെ മീററ്റ് സിറ്റിയിലാണ് ഈ പുതിയ മാറ്റം ആദ്യം നടപ്പിലാക്കുന്നത്. ഓയോയില്‍ മുറിയെടുക്കാനെത്തുന്ന പങ്കാളികൾ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ ചെക്കിന്‍ സമയത്ത് ഹാജരാക്കേണ്ടിവരും. ഓണ്‍ലൈന്‍ ബുക്കിങ്ങിനും ഇതു ബാധകമാണ്. ദമ്പതികള്‍ക്ക് ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാര്‍ട്ണര്‍ ഹോട്ടലുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഓയോ അറിയിച്ചു.
ഓയോ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്പതികളെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യമുയർന്നിരുന്നതായി ഒയോ വ്യക്തമാക്കുന്നു. വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മീററ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വിവിധ സാമൂഹിക സംഘടനകൾ രംഗത്തെത്തിയിരുന്നുവെന്നും ഓയോ പറയുന്നു.
സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ആതിഥ്യ മര്യാദകൾ ഉയർത്തിപ്പിടിക്കാൻ ഓയോ പ്രതിജ്ഞാബദ്ധമാണെന്ന് ഓയോയുടെ ഉത്തരേന്ത്യയിലെ റീജിയൻ ഹെഡ് പവാസ് ശർമ പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തെ ഞങ്ങൾ മാനിക്കുമ്പോൾ തന്നെ, നിയമപാലകരോടും സമൂഹത്തോടുമൊപ്പം പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തവും തിരിച്ചറിയുന്നുവെന്നും ഓയോ ചൂണ്ടിക്കാട്ടുന്നു. നിയമം മീററ്റിൽ നടപ്പിലാക്കിയ ശേഷം, അതിൻ്റെ ഫീഡ്‌ബാക്കും ഫലപ്രാപ്തിയും അടിസ്ഥാനമാക്കി മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി വെളിപ്പെടുത്തുന്നു.