തിരുവനന്തപുരം∙ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയിൽ നിന്ന് വിജയിച്ച യു.ആര്‍.പ്രദീപും പാലക്കാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലും നിയമസഭാ സാമാജികരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിൽ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനുംമന്ത്രിമാരും സന്നിഹിതരായിരുന്നു. രാഹുൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സഗൗരവം ആയിരുന്നു പ്രദീപിൻ്റെ പ്രതിജ്ഞ.
ഒരിക്കൽ കൂടി നിയമസഭയില്‍ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നാടിന്റെ വിഷയങ്ങള്‍ പഠിച്ച് സഭയില്‍ അവതരിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്ന് യു.ആര്‍.പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം തവണയാണ് യു.ആര്‍.പ്രദീപ് ചേലക്കരയെ സഭയില്‍ പ്രതിനിധീകരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് എംഎല്‍എമാരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു.