വാഷിങ്ടൺ: പാക്കിസ്ഥാനിലേക്ക് യാത്രചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കേർപ്പെടുത്തി യു.എസ്. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി, നിയന്ത്രണരേഖ, ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ എന്നീ പ്രവിശ്യകളിലേക്കുള്ള യാത്രയ്ക്കാണ് യു.എസ് മുന്നറിയിപ്പ് നൽകുന്നത്. ഭീകരവാദവും സായുധ സംഘട്ടന സാദ്ധ്യതയും കണക്കിലെടുത്ത് യാത്ര പുനഃപരിശോധിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട നിർദ്ദേശത്തിൽ പറയുന്നു.
പാക്കിസ്ഥാനിൽ തീവ്രവാദ ഗ്രൂപ്പുകൾ ആക്രമണത്തിന് ലക്ഷ്യമിടുന്നതായി നിർദ്ദേശത്തിൽ പറയുന്നു. ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവടങ്ങളിൽ പതിവായി ആക്രമണങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, സൈനിക സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, സർവ്വകലാശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഭീകരർ ഒരു മുന്നറിയിപ്പുമില്ലാതെ ആക്രമണങ്ങൾ നടത്തിയേക്കാം. യുഎസ് നയതന്ത്രജ്ഞരെ മുൻകാലങ്ങളിൽ ഇവർ ലക്ഷ്യമിട്ടതായും യാത്രാനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്താനിലെയും പൗരന്മാർക്ക് യു.എസിലേക്കുള്ള യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിലക്കാനൊരുങ്ങുന്നതായി മുൻപെ റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യസുരക്ഷയുടെ ഭാഗമായി ട്രംപ് വിലക്കേർപ്പെടുത്താൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ പട്ടിക മാർച്ച് 12-ന് ശേഷം വ്യക്തമാകും. മുൻപ് അധികാരത്തിലെത്തിയപ്പോൾ ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാർക്ക് ട്രംപ് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട്, ബൈഡൻ അധികാരമേറിയപ്പോൾ ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു.