കൊച്ചി : കനത്ത ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ തോത് ഉയരുന്നത് സംസ്ഥാനത്തെ ജനജീവിതം ദിനംപ്രതി ദുഃസ്സഹമാക്കുകയാണ്. കൊല്ലം, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 7 ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 6, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ 5 എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.
യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 3 രേഖപ്പെടുത്തിയ കാസർഗോഡ്, കണ്ണൂർ (യുവി : 2) കോഴിക്കോട്, വയനാട് (യുവി : 0) മലപ്പുറവുമാണ് അൾട്രാ വയലറ്റ് കിരണങ്ങളുടെ അപകടകരമായ തോതിന് താഴെയുള്ള ജില്ലകൾ.
വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയിൽ എത്തുന്ന ഇവ ശരീരത്തിൽ വൈറ്റമിൻ ഡി നിർമ്മിക്കാൻ നല്ലതാണെങ്കിലും അധികമായാൽ മാരകമാണ്. പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു.