തിരുവനന്തപുരം : കേരള സർവ്വകലാശാല റജിസ്ട്രാർക്ക് പുനർനിയമനം നൽകാൻ സിൻഡിക്കേറ്റ് തീരുമാനം. വൈസ് ചാൻസലറുടെ തീരുമാനത്തെ മറികടന്നാണ് സിൻഡിക്കേറ്റ് നടപടി. സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്ത 24 അംഗങ്ങളിൽ 22 പേരും തീരുമാനം അംഗീകരിച്ചതോടെയാണ് പുനർനിയമനം. രണ്ട് ബിജെപി അംഗങ്ങള്‍ പുനർനിയമനത്തെ എതിർത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ചേർന്ന യോഗത്തിൽ യുഡിഎഫ് അംഗവും റജിസ്ട്രാറുടെ പുനർനിയമനം അംഗീകരിച്ചു.
റജിസ്ട്രാറർ കെ.അനിൽ കുമാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി നിർദേശ പ്രകാരം സിൻഡിക്കേറ്റ് യോഗം ചേർന്നത്. എസ്എഫ്ഐ പ്രവർത്തകരുടെ ഉപരോധത്തെ തുടർന്ന് സിൻഡിക്കേറ്റ്, സെനറ്റ് യോഗങ്ങള്‍ വൈസ് ചാൻസലർ റദ്ദാക്കിയിരുന്നു. ഇതിനിടെ പുതിയ റജിസ്ട്രാററെ കണ്ടെത്താൻ വൈസ് ചാൻസലർ വിജ്ഞാപനവും പുറത്തിറക്കി. ഇതിനെ ചോദ്യം ചെയ്ത് ഇടത് സിൻഡിക്കേറ്റ് അംഗം മുരളീധരൻ ഹൈക്കോടതിയെ സമീപിച്ചു. സിൻഡിക്കേറ്റിന്റെ അധികാരത്തെ വൈസ് ചാൻസലർ മറികടന്നുവെന്നായിരുന്നു ഹർജി.
റജിസ്ട്രാർ പദവി നീട്ടി നൽകുന്നത് സംബന്ധിച്ച് ചട്ടങ്ങളിൽ പറയുന്നില്ലെന്നും പുനർനിയമനം നൽകുന്നുവെങ്കിൽ ചട്ടങ്ങൾ പാലിച്ചാകണമെന്നുമാണ് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടത്.