ദുഃബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലി തൻ്റെ 51-ാം സെഞ്ചുറി പൂർത്തിയാക്കി പുറത്താകാതെ വിജയ റൺ നേടിയപ്പോൾ ഇന്ത്യ തുറന്നത് സെമിയിലേക്കുള്ള കവാടമാണ്. ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു. 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായി.

[ ഇ[ ഇന്ത്യൻ വിജയത്തിൽ കോലിക്ക് കൂട്ടായി ശ്രേയസ് അയ്യർ ]
പവര്‍ പ്ലേയില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തി പ്രതീക്ഷ നല്‍കിയ രോഹിത് ശർമ്മ, ഷഹീന്‍ ഷാ അഫ്രീദിയുടെ യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. അഞ്ചാം ഓവറിലായിരുന്നു രോഹിത്തിന്‍റെ മടക്കം. പിന്നീട് വന്ന വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേർന്ന് രണ്ടാം വിക്കറ്റില്‍ 17.3 ഓവറില്‍ ഇന്ത്യൻ സ്കോർ 100 കടത്തി. അര്‍ദ്ധസെഞ്ചുറിക്ക് അരികെ ഗില്ലിനെ(46) നഷ്ടപ്പെട്ടെങ്കിലും നാലാം നമ്പറിലെത്തിയ ശ്രേയസ് അയ്യര്‍ 62 പന്തില്‍ അര്‍ദ്ധസെഞ്ചുറി തികച്ച് കോലിക്ക് കൂട്ടായതോടെ ഇന്ത്യയുടെ സമ്മര്‍ദ്ദം ഒഴിവായി.
കോലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 200 കടത്തിയ ശേഷമാണ് ശ്രേയസ്(56) പുറത്തായത്. 96ല്‍ നില്‍ക്കെ കുഷ്ദില്‍ ഷായെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തി കോലി 51-ാം ഏകദിന സെഞ്ചുറിയും ഇന്ത്യൻ വിജയവും പൂര്‍ത്തിയാക്കി. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 8 ഓവറില്‍ 74 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ അബ്രാര്‍ അഹമ്മദും കുഷ്ദില്‍ ഷായും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഹാരിസ് റൗഫ് ഏഴോവറില്‍ 52 റണ്‍സ് വഴങ്ങി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ട് ആയി. 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.