( lmage Courtesy : AP)
ബയ്‌റൂത്ത്: ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനന്‍ തലസ്ഥാനമായ ബയ്‌റുത്തില്‍ ആക്രമണം അഴിച്ച് വിട്ട് ഇസ്രയേല്‍. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസിയും മറ്റ് ആറുപേരും കൊല്ലപ്പെട്ടു. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിൻ്റെ കമാന്‍ഡറാണ് ഖുബൈസി. ഇസ്രയേല്‍ തിങ്കളാഴ്ച ലെബനനില്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 558 ആയി.
മറുപടിയായി വടക്കന്‍ ഇസ്രയേലിലെ പട്ടാളകേന്ദ്രങ്ങളിലേക്ക് ഹിസ്ബുള്ള റോക്കറ്റയച്ചു. സംഘര്‍ഷം രൂക്ഷമായിത്തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്ടു. എമിറേറ്റ്‌സും ഖത്തര്‍ എയര്‍വേസുമുള്‍പ്പെടെ പതിനഞ്ചോളം വിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കും ബയ്‌റുത്തിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
അതേസമയം, ഇസ്രയേലിൻ്റെ സ്‌ഫോടകവസ്തുശാലയെ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാത്രി ഫാദി റോക്കറ്റുകളയച്ചെന്ന് ഹിസ്ബുള്ള പറഞ്ഞു. അഫുലയിലെ മെഗിദ്ദോ വ്യോമതാവളവും ആക്രമിച്ചെന്ന് അവകാശപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരാല്‍ ലെബനനിലെ പല ആശുപത്രികളും നിറഞ്ഞെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഹൈഫയില്‍ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തെ തുടർന്ന് ഇസ്രയേലിലെ ഹൈഫയിലുള്ള പ്രധാന ആശുപത്രി പ്രവര്‍ത്തനങ്ങളെല്ലാം ഭൂഗര്‍ഭ ഭാഗത്തിലേക്കു മാറ്റിയതായും റിപ്പോർട്ടുണ്ട്.