കൊച്ചി: വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് 16 മണിക്കൂർ മുമ്പ് തന്നെ പരിസ്ഥിതി പഠന കേന്ദ്രമായ ഹ്യൂം സെന്റർ ജില്ലാ ഭരണകൂടത്തിന്
മുന്നറിയിപ്പ് നൽകിയതായി പറയുന്നു. 200ഓളം സ്ഥലങ്ങളിൽ മഴ അളക്കാനുള്ള സംവിധാനമുള്ള സ്ഥാപനം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു ജില്ലാ ഭരണകൂടത്തെ ഇക്കാര്യം അറിയിച്ചത്.
”വയനാട്ടിൽ മഴയളക്കാനുള്ള സംവിധാനം ഞങ്ങൾക്കുണ്ട്. ഇതിനായി 200 വെതർ സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മുണ്ടക്കൈ സമീപത്തുള്ള പുത്തുമല സ്റ്റേഷനിൽ ഞായറാഴ്ച 200 എംഎം മഴയാണ് ലഭിച്ചത്. അന്ന് രാത്രി 130 എം.എം മഴയും ലഭിച്ചു. 600 എംഎം മഴ പെയ്താൽ ഉരുൾപ്പൊട്ടലിനുള്ള സാധ്യതയുണ്ട്. തുടർന്ന് ഇനിയും മഴ പെയ്യുകയാണെങ്കിൽ ഉരുൾ പൊട്ടലിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നൽകിയത്.” – ഹ്യും സെന്റർ ഡയറക്ടർ സി.കെ വിഷ്ണുദാസ് പറഞ്ഞു.
ജില്ലാ ഭരണകൂടം ഇതുസംബന്ധിച്ച് എന്ത് നടപടിയാണ് എടുത്തതെന്ന് അറിയില്ലെന്നും വിഷ്ണുദാസ് കൂട്ടിച്ചേർത്തു. ഞായറാഴ്ച രാവിലെ വെതർ സ്റ്റേഷനിലെ ആദ്യത്തെ റീഡിങ്ങിന് ശേഷം 48 മണിക്കൂറിനുള്ളിൽ പ്രദേശത്ത് 572എംഎം മഴ പെയ്തുവെന്നും വിഷ്ണുദാസ് പറഞ്ഞു.
കഴിഞ്ഞ നാല് വർഷമായി തങ്ങൾ മഴയുമായി ബന്ധപ്പെട്ട കണക്കുകൾ നൽകുന്നുണ്ട്. 2020ൽ മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടാകുമെന്ന തങ്ങളുടെ മുന്നറിയിപ്പിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ അന്ന് ദുരന്തം ഒഴിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ ഒന്ന് മുതൽ വയനാട്ടിലെ പുത്തുമല, ലക്കിടി, തൊണ്ടർനാട്, മാണിക്കുന്ന് മല എന്നിവടങ്ങളിൽ 50 ദിവസത്തിനിടെ 3,000 എംഎം മഴയാണ് ഉണ്ടായത്. കാലാവസ്ഥ മാറ്റം മൂലം മഴയുടെ വിന്യാസത്തിൽ വ്യത്യാസം വന്നിട്ടുണ്ട്.
മൺസൂണിന്റെ തുടക്കത്തിൽ 100 മുതൽ 150 എംഎം മഴയാണ് സാധാരണ ലഭിക്കുക. അവസാനഘട്ടത്തിൽ 200 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വൻതോതിൽ കാർമേഘങ്ങളുണ്ടാവുകയും ഇത് വലിയ മഴക്കും ഉരുൾപൊട്ടലിനുമൊക്കെ കാരണമാവുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഹ്യൂം സെന്റർ അറിയിച്ചിരുന്നു. റവന്യു വകുപ്പും അതി തീവ്രമഴയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.