തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത ർക്ക് അര്‍ഹതപ്പെട്ട ധനസഹായം നൽകാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി ആരോപിച്ചു.
വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചിരുന്നു. പക്ഷേ അർഹമായ ദുരന്ത സഹായം വൈകിക്കുകയാണ്. ഇതിൽ പ്രതിഷേധം അറിയിക്കണം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ചൂരൽമലയിലുണ്ടായത്. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിന്നുളള എം പിമാരുടെ യോഗത്തിലെ ആമുഖ പ്രസംഗത്തിലാണ് മുഖ്യമന്ത്രി കേന്ദ്രത്തെ രൂക്ഷഭാഷയിൽ വിമർശിച്ചത്. സഹായത്തിനായി കേരളം ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്.