കല്പറ്റ : വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വയനാടിന്റെ കണ്ണീരൊപ്പാന്‍’ എന്ന പേരില്‍ മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തില്‍ 27 കോടി രൂപ സമാഹരിച്ചെന്നും അദ്ദേഹം അറിയിച്ചു.
ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് വലിയ സഹായം ലഭിച്ചു. ഈ മാസം 31 വരെ ഫണ്ട് സമാഹരണം തുടരും. പല ഘട്ടങ്ങളിലായി സഹായം എത്തിച്ചു നല്‍കി. അടിയന്തര സഹായം വെള്ളിയാഴ്ച വിതരണം ചെയ്യും.
വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് അര ലക്ഷം രൂപ വീതം നല്‍കും. ടാക്‌സി, ജീപ്പ് എന്നിവ നഷ്ടപ്പെട്ട നാല് പേര്‍ക്കും ഓട്ടോ റിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്കും വാഹനങ്ങള്‍ വാങ്ങി നല്‍കുമെന്നും സാദിഖലി പറഞ്ഞു.
വീടുകള്‍ നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും. എട്ട് സെന്റില്‍ കുറയാത്ത സ്ഥലവും 1000 സ്‌ക്വയര്‍ ഫീറ്റ് വീടുമാണ് നിര്‍മ്മിക്കുക. ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. സ്ഥലം സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും സാദിഖലി തങ്ങള്‍ കോഴിക്കോട് പറഞ്ഞു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിതമേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുഎഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍ നല്‍കും. യുഎഇ കെഎംസിസിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്. 55 അപേക്ഷകളില്‍നിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു