കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ പുന:രധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ സര്‍ക്കാർ ഹൈക്കോടതിയില്‍ കെട്ടിവെയ്ക്കണം. നഷ്ടപരിഹാരം സംബന്ധിച്ച മാനദണ്ഡം അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. ഈ മാസം 27-ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ തുടങ്ങാനിരിക്കെയാണ് സാർക്കാരിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചത്.
എസ്‌റ്റേറ്റിനുള്ള നഷ്ടപരിഹാരത്തുകയായി സര്‍ക്കാര്‍ 26 കോടി രൂപയാണ് നിശ്ചയിച്ചത്. ആ തുക ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവെയ്ക്കാമെന്ന് സര്‍ക്കാര്‍ സമ്മതമറിയിച്ചു. എന്നാൽ, നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ദുരന്തനിവാരണ നിയമപ്രകാരമാണ് സര്‍ക്കാര്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് എന്നതുകൊണ്ട് തന്നെ ഇനി നഷ്ടപരിഹാരത്തുക സംബന്ധിച്ച മാനദണ്ഡം കോടതിയെ അറിയിച്ചാൽ മതി.
ഇതോടൊപ്പം, ഹാരിസണ്‍ എസ്‌റ്റേറ്റ് തൽക്കാലത്തേക്ക് ഏറ്റെടുക്കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇനി ഹാരിസണ്‍ ഭൂമി ഏറ്റെടുക്കേണ്ടിവന്നാല്‍ അത് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമെ ചെയ്യൂവെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.