കൊച്ചി : വയനാട് ചൂരൽമല– മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ദുരന്തപ്രതികരണ ഫണ്ടിന്റെ (എൻഡിആർഎഫ്) കാര്യത്തിൽ കടുംപിടുത്തം വേണ്ടെന്ന് കേന്ദ്ര സർക്കാരിനും, കണക്കുകള്‍ കുറച്ചുകൂടി കൃത്യമാക്കാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി നിർദ്ദേശം.
ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് ഇരുകൂട്ടരോടും തർക്കങ്ങൾ മാറ്റിവച്ച് പ്രശ്നപരിഹാരത്തിനുള്ള വഴികൾ കണ്ടെത്താൻ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജെ.എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ (എസ്ഡിആർ എഫ് ) കണക്കുകൾ സംസ്ഥാന സർക്കാർ ഇന്ന് സമർപ്പിച്ചു. കേസ് ഈ മാസം 18ന് പരിഗണിക്കാൻ മാറ്റി.
അധിക ധനസഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് മെമ്മോറാണ്ടം നൽകിയപ്പോൾ എസ്ഡിആർഎഫിൽ ഉണ്ടായിരുന്നത് 588.83 കോടി രൂപയായിരുന്നെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വിഹിതവും കൂടി ചേർത്ത് ഒക്ടോബർ ഒന്നിന് ഇത് 782.99 കോടി രൂപയായി. ഈ തുക സംസ്ഥാനത്ത് ഒന്നാകെയുണ്ടാകുന്ന കാര്യങ്ങൾക്കുള്ള ദുരന്തപ്രതികരണ ഫണ്ടാണ്. മാത്രമല്ല ഈ ഫണ്ട് ചെലവഴിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്.
ദുരന്തം ഉണ്ടായതിനു പിന്നാലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റുമായി 21 കോടി രൂപ എസ്ഡിആർഎഫിൽ നിന്ന് ഉടനടി അനുവദിച്ചു. പുനരധിവാസത്തിനായി ഭൂമി വാങ്ങാൻ എൻഡിആർഎഫിലോ എസ്ഡിആർഎഫിലോ വ്യവസ്ഥയില്ല. 90 ഹെക്ടറോളം ഭൂമി ഇതിനായി ആവശ്യമുണ്ട്. നിലവിൽ എസ്ഡിആർഎഫിലെ കണക്കിലുള്ളത് 700.5 കോടി രൂപയാണ്. എന്നാൽ 2024–25 വര്‍ഷത്തിൽ വിവിധ ഇനങ്ങളിലായി 638.97 കോടി രൂപ ഇതിനകം തന്നെ അനുവദിച്ചു കഴിഞ്ഞിട്ടുള്ളതാണ്. ഭാവിയിൽ എന്തെങ്കിലും ദുരന്തമോ മറ്റോ ഉണ്ടായാൽ അതിനെ നേരിടാൻ ഇനി ബാക്കിയുള്ളത് 61.53 കോടി രൂപ മാത്രമാണെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ദുരിതബാധിതരുടെ പുനരധിവാസത്തിനും മറ്റുമായി 2221 കോടി രൂപയുടെ കണക്ക് പിഡിഎൻഎ അനുസരിച്ച് സംസ്ഥാനം സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഈ മാസം 11 വരെ ലഭിച്ചിരിക്കുന്നത് 682 കോടി രൂപയാണ്. നഷ്ടപരിഹാരം, ആശുപത്രിച്ചെലവ്, വാടക അടക്കമുള്ളതിന്റെ ഒരു വിഹിതം ഈ ഫണ്ടിൽ നിന്ന് നൽകിയിട്ടുണ്ട്. എന്നാൽ പുനർനിർമ്മാണ കാര്യങ്ങൾക്കായി കേന്ദ്രം അനുവദിക്കുന്ന തുക ചെറുതാവുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ആശ്രയിച്ചേ മതിയാകൂ എന്നും സംസ്ഥാന സർക്കാർ പറഞ്ഞു.
നേരത്തെ കേന്ദ്രം 153 കോടി അധിക ധനസഹായമായി അനുവദിച്ചെങ്കിലും അത് എസ്ഡിആർഫിലെ തുകയുടെ 50 ശതമാനം ചെലവഴിക്കുന്നതിന് ആനുപാതികമായിട്ടാണ്. ഈ സാഹചര്യത്തിൽ എസ്‍ഡിആർഎഫ് കാലിയാണെന്ന കാര്യവും സർക്കാർ ചൂണ്ടിക്കാട്ടി.
നിലവിലെ അവസ്ഥയിൽ എസ്ഡിആർഎഫിൽ നിന്ന് ഈ വര്‍ഷം നൽകാമെന്ന് കണക്കാക്കിയിട്ടുള്ള തുക എത്രയാണെന്നും അതിന്റെ വിശദാംശങ്ങൾ എന്താണെന്നും ദുരന്ത നിവാരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ സർട്ടിഫൈ ചെയ്തു സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഈ ഫണ്ടുകളുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഇപ്പോൾ ലഭിക്കില്ലാത്ത സാഹചര്യത്തിലാണിത്. ഈ സർട്ടിഫിക്കറ്റുകൾ കൂടി ഹാജരാക്കി എസ്ഡിആർഎഫിൽ ഇനി ചെലവഴിക്കാൻ ഫണ്ട് ബാക്കിയില്ല എന്ന് കേന്ദ്രത്തോട് വ്യക്തമാക്കാനും കോടതി നിർദ്ദേശിച്ചു. തുടർന്നാണ് അധിക സഹായം അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും കേരളത്തിന്റെ ആവശ്യം തുറന്ന മനസോടെ കണക്കാക്കണമെന്നും കോടതി നിർദ്ദേശിച്ചത്.