പാരിസ്: ടോക്കിയോ ഒളിംപിക്സ് നൽകിയ നീറുന്ന വേദനകൾ ഇനി മറക്കാം. ഉയിർത്തെഴുന്നേൽപ്പിൻ്റെ വീര ചരിതമെഴുതിയ ആ പെൺതരിക്ക് ആവോളം തലയുയർത്തി നിൽക്കാം. സ്വപ്ന സാക്ഷാൽക്കാരമായി പാരീസ് ഒളിംപിക്സിൻ്റെ റെക്കോർഡ് ബുക്കിലെ മെഡൽ പട്ടികയിൽ ‘മനു ഭേക്കർ ഇന്ത്യ’ എന്ന പേര് രണ്ടുതവണ എഴുതിച്ചേർത്തു അവൾ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു, സരബ്ജോതിനൊപ്പം വെങ്കലം നേടിയാണ് ഈ അസുലഭ നേട്ടത്തിനുടമയായത്. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ കൂടി മത്സരിക്കുന്ന മനു ഭേക്കറിന് മെഡൽനേട്ടത്തിൽ ഹാട്രിക് കൈയ്യെത്തുംദൂരത്താണ്.
കഴിഞ്ഞ ദിവസം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയ മനു, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഒറ്റ ഒളിംപിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിക്കും ഇതോടെ മനു അർഹയായി. 1900ലെ ഒളിംപിക്സിൽ, അതായത് സ്വാതന്ത്ര്യലബ്ധിക്കും മുൻപ് ബ്രിട്ടിഷ്–ഇന്ത്യൻ അത‌്‌ലീറ്റായിരുന്ന നോർമൻ പ്രിച്ചാർഡാണ് ആദ്യമായി ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയത്. അന്ന് 200 മീറ്റർ സ്പിന്റിലും 200 മീറ്റർ ഹർഡിൽസിലുമായിരുന്നു പ്രിച്ചാർഡിന്റെ മെഡൽ നേട്ടം.
കൂടാതെ, ഷൂട്ടിങ് ടീമിനത്തിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യം (സരബ്ജ്യോത് സിങ്ങിനൊപ്പം), വ്യക്തിഗത, ടീമിനങ്ങളിൽ ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം തുടങ്ങിയ റെക്കോർഡുകളും മനു ഭേക്കറിൻ്റെ പേരിൽ കുറിക്കപ്പെടും.