കൊച്ചി : സംസ്ഥാനത്തു 50, 100 രൂപ മുദ്രപ്പത്രങ്ങള്‍ കാണാതായിട്ട് ആറുമാസത്തിലധികമായി. ക്ഷാമം പരിഹരിക്കാൻ യാതൊരു നടപടിയും കാണുന്നില്ല. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ പി.ജ്യോതിഷ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നോട്ടിസ് അയച്ചു. ട്രഷറി ഡയറക്ടറും വകുപ്പ് സെക്രട്ടറിയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണു നടപടി.
ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ആവശ്യത്തിനു പോലും സാധാരണക്കാർ 1000 രൂപയുടെ മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 6 മാസമായി 50, 100, 200, 500 രൂപ മുദ്രപ്പത്രങ്ങൾക്കു ക്ഷാമമാണ്.
വാടകക്കരാർ, ജനന സർട്ടിഫിക്കറ്റ് തുടങ്ങി സാധാരണക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന, 100 രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾ ലഭ്യമല്ല. അതിനാൽ അധിക മൂല്യമുള്ള മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കാന്‍ സാധാരണക്കാരടക്കം നിര്‍ബന്ധിതരാകുന്നുവെന്നു ഹർജിയിൽ പറയുന്നു. മുദ്രപ്പത്രങ്ങള്‍ അച്ചടിക്കുമെന്നു പറഞ്ഞെങ്കിലും ഏതാനും മാസങ്ങളായി നാസിക്കിലെ പ്രസിൽ ഇതിനുള്ള ഓർഡർ കൊടുത്തിട്ടില്ല.
ഓഗസ്റ്റ് ഒന്നു മുതൽ ഇ സ്റ്റാംപ് പേപ്പറുകള്‍ നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അക്കാര്യം നടപ്പായിട്ടില്ല. യാതൊരു വ്യവസ്ഥയുമില്ലാതെയാണ് ഇ സ്റ്റാംപ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്കു മേലുള്ളവയ്ക്ക് ഇ സ്റ്റാംപ് ഇപ്പോഴും സാധ്യമാണെങ്കിലും മറ്റുള്ളവർക്ക് ഇതിനുള്ള സാഹചര്യമില്ല. 20, 50, 100 രൂപ വിലയുള്ള മുദ്രപ്പത്രങ്ങളും ഇലക്ട്രോണിക് രീതിയില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു.