കോഴഞ്ചേരി: തോട്ടപ്പുഴശേരി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം വിമതൻ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. പാര്‍ട്ടി വിപ്പ് ലംഘിച്ച് സിപിഎം അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് പ്രസിഡന്റായിരുന്ന സി.എസ്. ബിനോയി പുറത്തായത്. ബിജെപിയുടെ കൂടെ പിന്തുണയിലാണ് ഇതുവരെ സിപിഎം വിമതൻ പ്രസിഡൻ്റായി തുടർന്നത്.
മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം നാല് സിപിഎം അംഗങ്ങളും ചേര്‍ന്നതോടെയാണ് ഏഴ് അംഗങ്ങൾ ഒപ്പിട്ട് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. പ്രമേയത്തിൽ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ആർ. കൃഷ്ണകുമാർ, നെടുംപ്രയാർ ബ്രാഞ്ച് സെക്രട്ടറി കൂടിയായ റെൻസിൻ കെ. രാജൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിസിലി തോമസ്, റീനാ തോമസ് എന്നിവരും കോൺഗ്രസ് അംഗങ്ങളായ ടി.കെ. രാമചന്ദ്രൻ നായർ, ജെസി മാത്യു, ലതാ ചന്ദ്രൻ എന്നിവരുമാണ് ഒപ്പിട്ടത്. സി.പി.എമ്മിന്റെ മറ്റൊരംഗമായ അജിത ടി.ജോർജ് പ്രമേയത്തിൽ ഒപ്പിട്ടില്ല.
എന്നാൽ, അവിശ്വാസപ്രമേയത്തെ എതിർത്ത് വോട്ടുചെയ്യാൻ സിപിഎം. അംഗങ്ങൾക്ക് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നിർദ്ദേശം നൽകി. ‘തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരേ നൽകിയിട്ടുള്ള അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ ഡിസംബർ 19 ന് കൂടുന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രമേയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് താങ്കളോട് നിർദ്ദേശിക്കുന്നു. താങ്കൾ ഈ നിർദ്ദേശം അംഗീകരിച്ച് നടപ്പാക്കേണ്ടതാണ്. ഈ നിർദ്ദേശത്തിന്റെ പകർപ്പ് വരണാധികാരിയുടെ അറിവിലേക്ക് നൽകിയിട്ടുണ്ട്.’ കത്തിൽ പറയുന്നു. എന്നാൽ, പ്രമേയത്തിൽ ഒപ്പിട്ട സി.പി.എം. അംഗങ്ങൾ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തു. കോൺഗ്രസ് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. തുടർന്ന് അവിശ്വാസം പാസായി.
-അംഗ പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.എം.-അഞ്ച്, കോൺഗ്രസ്-മൂന്ന്, ബി.ജെ.പി.-മൂന്ന്, രണ്ട് സ്വതന്ത്രർ എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ്, ബി.ജെ.പി. അംഗങ്ങൾ പിന്തുണച്ചതിനെ തുടർന്നാണ് സി.പി.എം. വിമതനായി വിജയിച്ച സി.എസ്. ബിനോയി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം. പിന്തുണയോടെ കോൺഗ്രസ് വിമത ഷെറിൻ റോയി വൈസ് പ്രസിഡൻ്റായി.
ഭരണസമിതി ഒരുവർഷം പിന്നിട്ടപ്പോൾ ഷെറിന്റെ പിന്തുണ പ്രതീക്ഷിച്ച് സിപിഎം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അവർ എത്താത്തതിനാൽ അവിശ്വാസം പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി വിപ്പ് നൽകിയെങ്കിലും രണ്ട് അംഗങ്ങൾ വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു…….