കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണം പതിവായ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉന്നതതല യോഗം തുടങ്ങി. മന്ത്രി എകെ ശശീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വകുപ്പ് മേധാവിമാർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. വന്യജീവി ആക്രമണം തടയാനുള്ള അടിയന്തര നടപടികളാണ് യോഗം ചർച്ച ചെയ്യുന്നത്. അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലന്റെ മൃതദേഹം പോസ്സ് മോർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു.
രൂക്ഷമായ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണവും ശക്തമാണ്.
ദിവസേനയെന്നോണം ജില്ലയില്‍ ആക്രമണത്തില്‍ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി നേതാക്കള്‍ അറിയിച്ചു.
രണ്ടുദിവസത്തിനിടെ രണ്ടുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലുപേരാണ് വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ മരിച്ചത്.