ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിലവിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാൻ കാര്യക്ഷമമായ നടപടികളെടുക്കുമെന്ന് സുപ്രീംകോടതി. ജാതിവിവേചനത്തിൽ മനംമടുത്ത് ആത്മഹത്യ ചെയ്‌ത ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷകവിദ്യാർത്ഥി രോഹിത് വെമുലയുടെയും മുംബൈയിലെ യുവ ഡോക്ടർ പായൽ തഡ്‌വിയുടെയും അമ്മമാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകി. യു.ജി.സി. റെഗുലേഷനിൽ പറയുന്ന തുല്യ അവസര സെല്ലുകൾ എത്ര സ്ഥാപനങ്ങളിൽ രൂപവത്കരിച്ചുവെന്നതിന്റെ വിവരം ശേഖരിക്കാനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദ്ദേശിച്ചു.
കേന്ദ്ര, സംസ്ഥാന, സ്വകാര്യ, കൽപ്പിത സർവ്വകലാശാലകളിലെ ജാതിവിവേചനം അവസാനിപ്പിക്കാനുള്ള നിയന്ത്രണസംവിധാനത്തിന്റെ കരട് വിജ്ഞാപനം ചെയ്യാനും യു.ജി.സി.ക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. കരട് വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അതിൽ അഭിപ്രായ, നിർദ്ദേശങ്ങൾ തേടണമെന്നും കോടതി ആവശ്യപ്പെട്ടു. .