കൊൽക്കത്ത: കൊൽക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ചതിനും ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനും ബി.ജെ.പി വനിതാ നേതാവിനും രണ്ട് ഡോക്ടർമാർക്കും പോലീസിന്റെ സമൻസ്. ബി.ജെ.പി. നേതാവും മുൻ എം.പി.യുമായ ലോക്കറ്റ് ചാറ്റർജി, ഡോക്ടർമാരായ കുനാൽ സർക്കാർ, സുബർണ ഗോസ്വാമി എന്നിവർക്കാണ് കൊൽക്കത്ത പോലീസ് സമൻസയച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ലാൽബസാറിലെ പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് മൂവരോടും പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട് തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് രണ്ട് ഡോക്ടമാർക്കെതിരെ പോലീസ് നടപടി ആരംഭിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തനിക്ക് ലഭിച്ചെന്നായിരുന്നു ഡോ. സുബർണ ഗോസ്വാമി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. മൃതദേഹത്തിൽ 150 മില്ലിഗ്രാം പുരുഷബീജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും അരക്കെട്ടിലെ അസ്ഥികൾക്ക് പൊട്ടലുണ്ടെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. ഇത് കൂട്ടബലാത്സംഗം നടന്നതിന്റെ സൂചനയാണെന്നായിരുന്നു ഡോക്ടറുടെ വാദം. എന്നാൽ, ഇത്തരം അവകാശവാദങ്ങളെല്ലാം വെറും അഭ്യൂഹങ്ങളാണെന്നാണ് കൊൽക്കത്ത പോലീസ് പറയുന്നത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് ബി.ജെ.പി. നേതാവ് ലോക്കറ്റ് ചാറ്റർജിക്കെതിരായ കുറ്റം. രണ്ട് സംഭവങ്ങളിലുമായി രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം.
ഇതിനിടെ, വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ തന്നെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും.