ന്യൂഡൽഹി: ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ വനിതാ ട്വൻ്റി20 ലോകകപ്പ് വേദി മാറ്റാൻ ഐ.സി.സി. ആലോചിക്കുന്നു. ഒക്ടോബറിൽ ബംഗ്ലാദേശിൽ നടക്കേണ്ടതായിരുന്നു മത്സരങ്ങൾ. യു.എ.ഇ.യിലേക്ക് മാറ്റാനാണ് ആലോചന. അന്തിമ തീരുമാനം ഈയാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്ക് ആതിഥ്യം വഹിക്കാൻ കഴിയുമോ എന്ന് ബി.സി.സി.ഐ.യോട് തേടിയിരുന്നെങ്കിലും വിസമ്മതം അറിയിക്കുകയായിരുന്നു. മൺസൂൺ കാലമായതിനാലും അടുത്തവർഷം വനിതാ ഏകദിന ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിനാലും ഇന്ത്യ വിസമ്മതമറിയിക്കുകയായിരുന്നുവെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ അറിയിച്ചു.
ഒക്ടോബർ മൂന്നുമുതൽ 20 വരെയാണ് ട്വിൻ്റി20 ലോകകപ്പ്. പത്ത് ടീമുകൾ ഉൾക്കൊള്ളുന്ന ടൂർണമെന്റിൽ 23 മത്സരങ്ങളുണ്ടാകും. ധാക്കയിലും സിൽഹട്ടിലുമായി മത്സരങ്ങൾ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വനിതാ ലോകകപ്പ് ബംഗ്ലാദേശിൽത്തന്നെ നിലനിർത്താനുള്ള അവകാശം തേടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് യു.എന്നിനെ സമീപിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ്, സ്കോട്ട്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൗരന്മാരുടെ ബംഗ്ലാദേശ് യാത്രകൾ വിലക്കിയിട്ടുണ്ട്.