കൊച്ചി: വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് മന്ത്രി പി രാജീവ്. കൊച്ചിയിൽ ഐ.ബി.എമ്മിന്‍റെ ജെന്‍എഐ ഇനോവേഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സുസ്ഥിര ഗതാഗത സൗകര്യങ്ങള്‍, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം കേരളത്തിന്‍റെ പ്രത്യേകതയാണ്. ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാര്‍ക്ക് കേരളത്തില്‍ താമസിച്ചു കൊണ്ട് ജോലിയെടുക്കാവുന്ന അവസ്ഥയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐബിഎമ്മിന്‍റെ പുതിയ ജെന്‍എഐ ഇനോവേഷന്‍ സെന്‍റര്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നിലവില്‍ 2000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാവിയില്‍ ഇത് 5000 ആകുമെന്നാണ് പ്രതീക്ഷ. ലോകത്തെ തന്നെ ഐബിഎമ്മിന്‍റെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള കാമ്പസാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഐബിഎമ്മിന്‍റെ വാട്സണ്‍എക്സ് പ്ലാറ്റ്ഫോമിലുള്ള ജെന്‍എഐ ലാബുമായി സഹകരണം വര്‍ധിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനോവേഷന്‍ സെന്‍ററില്‍ തങ്ങളുടെ എഐ പരീക്ഷണങ്ങള്‍ നടത്താവുന്ന സംവിധാനം ഉണ്ടാകുമെന്നും പി രാജീവ് പറഞ്ഞു
ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറിലാണ് ഐ.ബി.എമ്മിന്‍റെ അത്യാധുനിക ഓഫീസ് ആരംഭിച്ചത്. ഐബിഎമ്മിന്‍റെ അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി എക്സ്പീരിയന്‍സ് സെന്‍റര്‍ പുതിയ സംവിധാനത്തിലുണ്ടാകുമെന്ന് ഐബിഎം ഇന്ത്യാ സോഫ്റ്റ്വെയര്‍ ലാബ്സ് വൈസ്പ്രസിഡന്‍റ് വിശാല്‍ ചഹാല്‍ പറഞ്ഞു. ഐബിഎമ്മിന്‍റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓഫീസ് സംവിധാനമാണ് കൊച്ചിയിലേതെന്ന് വിശാല്‍ ചഹേല്‍ പറഞ്ഞു.
വാട്സണ്‍ എക്സ് പ്ലാറ്റ്ഫോമിന്‍റെ പൂര്‍ണ ഡെവലപ്മന്‍റ് പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലായിരിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും സൗജന്യമായി ജെന്‍എഐ ലാബില്‍ ഉത്പന്ന മാതൃക, പരീക്ഷണങ്ങള്‍ എന്നിവ നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണമായും കൊച്ചിയില്‍ വികസിപ്പിച്ചെടുത്ത മൂന്ന് ഐബിഎം ഉത്പന്നങ്ങളുടെ മാതൃകകള്‍ ഐബിഎം പ്രതിനിധികള്‍ മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. വാട്സണ്‍ എക്സിലൂടെ വികസിപ്പിച്ച ഓര്‍ക്കസ്ട്രേറ്റ്, ഇന്‍സ്ട്രക്ട് ലാബ് ടെക്നോളജി വിത്ത് ഐബിഎം ആന്‍ഡ് റെഡ്ഹാറ്റ്, ഐബിഎം കോണ്‍സെര്‍ട്ട് എന്നിങ്ങനെ മൂന്ന് ഉത്പന്നങ്ങളുടെ മാതൃകകളാണ് അവതരിപ്പിച്ചത്.
ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐബിഎം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നത്. കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നതിനൊപ്പം ഇവിടെ ആരംഭിക്കുന്ന പുത്തൻ തലമുറ നിക്ഷേപങ്ങൾ വളരെ പെട്ടെന്ന് നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുകയാണ് എന്നത് അഭിമാനകരമായ നേട്ടമാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.
ഐബിഎം പാർട്നർ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും സഹായം ലഭ്യമാക്കാനും ഉൽപ്പന്നങ്ങളുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാനും ഒപ്പം തന്നെ ആഗോളതലത്തിൽ ഐബിഎമ്മിൻ്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന മറ്റ് കമ്പനികൾക്ക് ഉൽപ്പന്നങ്ങൾ മനസിലാക്കാനുമെല്ലാം ഇനി കേരളത്തിലെ ഈ സെൻ്റർ സഹായകമാകും. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ഐബിഎം സെൻ്ററിൽ രണ്ട് തവണയായി ഒന്നിലധികം പദ്ധതികൾ ഒരു വർഷത്തിനിടെ ആരംഭിക്കുന്നത്. കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറുന്നതിനൊപ്പം ഇവിടെ ആരംഭിക്കുന്ന പുത്തൻ തലമുറ നിക്ഷേപങ്ങൾ വളരെ പെട്ടെന്ന് നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുകയാണ് എന്നത് അഭിമാനകരമായ നേട്ടമാണ്.