യുവ ഛായാഗ്രാഹക കെ.ആർ.കൃഷ്ണ അന്തരിച്ചു

Date:

കൊച്ചി : യുവ ഛായാഗ്രാഹക കെ.ആർ. കൃഷ്ണ (30) അന്തരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്നു ശ്രീനഗറിൽ വച്ചായിരുന്നു മരണം. പ്രശസ്ത സംവിധായകൻ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചലച്ചിത്രമായ ‘ഹിറ്റ്’ സീരീസിലെ മൂന്നാമത്തെ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോഷ്യേറ്റായി പ്രവർത്തിക്കുകയായിരുന്നു.

രാജസ്ഥാൻ, അരുണാചൽ‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരിൽ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണു കൃഷ്ണ അസുഖബാധിതയായത്. തുടർന്ന് ഈ മാസം 23നാണു കൃഷ്ണയെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് ശ്രീനഗർ ഗവ. മെഡിക്കൽകോളേജിലും പ്രവേശിപ്പിക്കുന്നത്. ഏതാനും ദിവസത്തിനുള്ളിൽ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. അസുഖ വിവരമറിഞ്ഞ് സഹോദരന്‍ ഉണ്ണി ശ്രീനഗറിലെത്തിയിരുന്നു. തിങ്കളാഴ്ച വാർഡിലേക്ക് മാറ്റാനിരിക്കെ പെട്ടന്നുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ഛായാഗ്രാഹക സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൃഷ്ണ ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. സാനു വർഗീസ് ഛായാഗ്രഹണവും ജ്യോതിഷ് ശങ്കർ സംവിധാനവും നിർവ്വഹിച്ച പുറത്തിറങ്ങാനിരിക്കുന്ന ബേസിൽ ജോസഫ് അഭിനയിച്ച ‘പൊൻമാൻ’ എന്ന ചിത്രത്തിലാണ് ഒടുവിൽ മലയാളത്തിൽ പ്രവർത്തിച്ചത്.

കൃഷ്ണയുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിൽ എത്തിക്കും. ജനുവരി ഒന്നിനു സംസ്കാരം. പെരുമ്പാവൂരിലും കുറുപ്പംപടിയിലും ഗിന്നസ് സ്റ്റുഡിയോ നടത്തിയിരുന്ന മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ്. സഹോദരങ്ങൾ: ഉണ്ണി, കണ്ണൻ.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...