ദുബായ്: അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡ് സ്വന്തമാക്കി സമാവോ താരം ദാരിയൂസ് വിസ്സർ. ഇന്ത്യൻ മുൻ താരം യുവരാജ് സിങിന്റെ 17 വർഷം മുമ്പത്തെ റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. ട്വന്റി20 ലോകകപ്പ് സബ് റീജിയനൽ ഈസ്റ്റ് ഏഷ്യ–പസിഫിക് യോഗ്യതാ മത്സരത്തിലാണ് സമാവോ താരം വെടിക്കെട്ട് ബാറ്റിങുമായി തിളങ്ങിയത്.
മത്സരത്തിന്റെ 15-ാം ഓവറിലായിരുന്നു ദാരിയൂസ് വിസ്സറിന്റെ റെക്കോർഡ് നേട്ടം. പസിഫിക് ദ്വീപിലെ രാജ്യമായ വനൗതുവിനായി നളിൻ നിപികോ പന്തെറിഞ്ഞു. ആദ്യ മൂന്ന് പന്തുകളും ദാരിയൂസ് അതിർത്തി കടത്തി. നാലാം പന്തിൽ റൺസെടുക്കാൻ സാധിച്ചില്ലെങ്കിലും നോബോളായിരുന്നു. ഫ്രീഹിറ്റായി ലഭിച്ച പന്തിലും ദാരിയൂസ് സിക്സ് നേടി.
അഞ്ചാം പന്തിൽ റൺസ് ഉണ്ടായില്ല. ആറാം പന്ത് നോബോൾ ആയതോടെ ഓവർ നീണ്ടു. വീണ്ടും ആറാം പന്തെറിഞ്ഞ നിപികോ നോബോൾ ആവർത്തിച്ചു. ഇത്തവണ ദാരിയൂസ് സിക്സും നേടി. ഒടുവിൽ നിപികോ വീണ്ടും ആറാം പന്തെറിഞ്ഞു. ഇത്തവണയും ദാരിയൂസ് പന്ത് അതിർത്തി കടത്തി. ഇതോടെ ഓവറിൽ ആറ് സിക്സ് ഉൾപ്പടെ 39 റൺസ് പിറന്നു. മൂന്ന് റൺസ് നോബോളായാണ് ലഭിച്ചത്. ഇടയ്ക്ക് ഡോട്ട് ബോൾ വന്നതിനാൽ ആറ് പന്തിൽ ആറ് സിക്സ് എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ ദാരിയൂസിന് കഴിഞ്ഞില
മത്സരത്തിൽ 62 പന്തിൽ 132 റൺസാണ് ദാരിയൂസ് വിസ്സർ അടിച്ചു കൂട്ടിയത്. അഞ്ച് ഫോറും 14 സിക്സും സഹിതമാണ് വിസ്സറിന്റെ നേട്ടം. മറ്റാർക്കും സമാവോ നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത സമാവോ 20 ഓവറിൽ 174 റൺസിന് എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ വനൗതുവിനായി തിളങ്ങിയത് 39 റൺസ് വിട്ടുകൊടുത്ത നളിൻ നിപികോയാണ്. ഓപ്പണറായി ക്രീസിലെത്തിയ താരം 73 റൺസുമായി എട്ടാമനായാണ് പുറത്തായത്. വനൗതിവിന്റെ പോരാട്ടം ഒമ്പതിന് 164ൽ അവസാനിച്ചതോടെ മത്സരത്തിൽ 10 റൺസിന് സമാവോ വിജയിച്ചു.