പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ ന്യൂസിലന്‍ഡിനെതിരെ 3-2ന്‍റെ ആവേശജയവുമായി ഇന്ത്യൻ പുരുഷ ടീം. ബാഡ്മിന്‍റൺ സിംഗിൾസില്‍ ലക്ഷ്യ സെന്നും ഡബിള്‍സില്‍ സാത്വവിക് സായ് രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായിയും ജയത്തോടെ തുടങ്ങിയതും ഇന്ത്യൻ പ്രതീക്ഷകൾക്ക് നിറം ചാർത്തി.
പുരുഷ ഹോക്കിയില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ലീഡെടുത്ത ന്യൂസിലന്‍ഡിനെതിരെ രണ്ടാം ക്വാര്‍ട്ടറിലും മൂന്നാം ക്വാര്‍ട്ടറിലും തിരിച്ചടിച്ചാണ് ഇന്ത്യ 2 -1 ഗോളിന് മുന്നിലെത്തിയത്. പിന്നീട് അവസാന ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡ് സമനില പിടിച്ചത് ആശങ്കയുണർത്തിയെങ്കിലും ഉണർന്നു കളിച്ച ഇന്ത്യ അവസാന നിമിഷം വിജയം പിടിച്ചെടുക്കുകയായിരുന്നു. എട്ടാം മിനിറ്റില്‍ മുന്നിലെത്തിയ ന്യൂസിലന്‍ഡിനെതിരെ മന്‍ദീപ് സിംഗിലൂടെ ഒപ്പം പിടിച്ച ഇന്ത്യ 34-ാം മിനിറ്റില്‍ വിവേക് സാഗറിലൂടെ ലീഡെടുത്തു. 53-ാം മിനിറ്റില്‍ ന്യൂസിലന്‍ഡ് സമനില പിടിച്ചെങ്കിലും കളി തീരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയിരിക്കെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്‍റെ ഗോളിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
ബാഡ്മിന്‍റണ്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി. സ്കോര്‍( 21-9, 22-20). പുരുഷ ഡബിള്‍സിലെ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ സാത്വവിക് സായ് രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിലെത്തി. ഫ്രഞ്ച് സഖ്യമായ കോര്‍വി-ലാബര്‍ ജോഡിയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ മുന്നേറ്റം. സ്കോര്‍ 21-17, 21-14.
ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഹര്‍മീത് ദേശായി ജോര്‍ദാന്‍റെ അബോ യമന്‍ സയിദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലെത്തി.