ഇന്ത്യൻ ചലച്ചിത്രലോകത്തിന് അഭിമാനമായി മാറിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ താരങ്ങളെ അനുമോദിച്ച് കേരള സർക്കാർ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ പ്രശസ്തി പത്രം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. 77-ാം കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ‘ഗ്രാൻഡ് പ്രി’ പുരസ്കാരം സ്വന്തമാക്കിയ ചിത്രമാണ് പായൽ കപാഡിയ ഒരുക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. 80 ശതമാനവും മലയാളഭാഷയിലുള്ള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു.
കുവൈത്തിൽ സംഭവിച്ച ദാരുണമായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ ലളിതമായ രീതിയിലായിരുന്നു അനുമോദന ചടങ്ങ്.
താരങ്ങൾക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മുഖ്യമന്ത്രി ഇങ്ങനെ കുറിച്ചു – ‘കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ആദരിച്ചു. കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സുയർത്തിയ മറ്റ് കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു’
രണ്ട് മലയാളി നഴ്സുമാരുടെ മുംബൈ ജീവിതത്തിലെ സംഘർഷങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.’ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകയും പായൽ കപാഡിയയാണ്. ഫ്രഞ്ച് കമ്പനിയായ പെറ്റിറ്റ് കെയോസും ഇന്ത്യൻ കമ്പനികളായ ചോക്ക് ആൻഡ് ചീസും അനദർ ബെർത്തുമാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.