[Photo courtesy BCCI ]
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞെടുത്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് മത്സരം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒപ്പമെത്താനുള്ള അവസാന അവസരമാണിത്. മോശം ഫോമിലുള്ള രോഹിത് ശര്‍മക്ക് പകരം ആദ്യ ടെസ്റ്റ് നയിച്ച ബുമ്ര തന്നെയാണ് അവസാന ടെസ്റ്റിലും നായകൻ.
സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുള്ള വാര്‍ത്തകളുണ്ട്. ടെസ്റ്റിലേക്ക് ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിനുണ്ടാവാൻ സാദ്ധ്യതയില്ല. അവസാനം കളിച്ച ഒമ്പത് ടെസ്റ്റില്‍ 10.93 മാത്രമാണ് രോഹിത്തിന്റെ ബാറ്റിംഗ് ശരാശരി.
രോഹിത്തിന് പകരം ഗില്‍ ടീമില്‍ തിരിച്ചെത്തി. അദ്ദേഹം മൂന്നാം നമ്പറില്‍ കളിക്കും. യശസ്വി ജയ്‌സ്വാള്‍ – കെ എല്‍ രാഹുല്‍ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. ഓസ്‌ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിക്കും.