രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ അല്‍ ഐനിന്റെ പ്രിയ മലയാളി ഡോക്ടര്‍ ജോര്‍ജ് മാത്യുവിന് യുഎഇ ഭരണകൂടത്തിൻ്റെ ആദരവ്. 57 വര്‍ഷങ്ങളായി യുഎഇയുടെ ആരോഗ്യ മേഖലക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കുമുള്ള ആദരസൂചകമായി അബുദാബിയിലെ റോഡിന് ഈ മലയാളി ഡോക്ടറുടെ പേര് നല്‍കിയിരിക്കുകയാണ് യുഎഇ സര്‍ക്കാർ. അബുദാബി അല്‍ മഫ്രകിലെ ഷൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപത്തുള്ള റോഡ് ഇനി ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടും!
ദീര്‍ഘവീക്ഷണത്തോടെ യുഎഇയ്ക്കായി പ്രവര്‍ത്തിച്ചവരെ അനുസ്മരിക്കാനായി പാതകള്‍ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പാണ് റോഡിന് ഈ പേര് നാമകരണം ചെയ്തത്.
ചിത്രം കടപ്പാട് / ഖലീജ് ടൈംസ്
പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ. ജോര്‍ജ് മാത്യു, 1967 ൽ 26-ാം വയസ്സിലാണ് യുഎഇയിൽ എത്തിയത്. യുഎഇയുടെ ഏകീകരണത്തിന് വളരെ മുമ്പുതന്നെ, രാജ്യത്തിൻ്റെ മെഡിക്കൽ രംഗത്തെ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയും അബുദാബിയിലെ ആരോഗ്യസംരക്ഷണ സംവിധാനം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. അൽ ഐനിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആദ്യത്തെ ഡോക്ടർ കൂടിയാണ് അദ്ദേഹം.
ഒരു ജനറൽ പ്രാക്ടീഷണറായി സേവനം ആരംഭിച്ച ഡോ. മാത്യുവിനെ ഇവിടുത്തുകാർ സ്നേഹപൂർവ്വം ‘മാത്യുസ് ‘ എന്ന് വിളിച്ചു ശീലിച്ചു. ഇന്നും ആ വിളിക്ക് മാറ്റം സംഭവിച്ചിട്ടില്ല. 1972 ൽ അൽ ഐൻ റീജിയണിൻ്റെ മെഡിക്കൽ ഡയറക്ടറും 2001ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടൻ്റും ഉൾപ്പെടെ നിരവധി ഉന്നത പദവികൾ വഹിച്ചു. ഇക്കാലത്തിനിടയിൽ യുഎഇയില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ തുടക്കത്തിന് വിത്ത് പാകിയ അദ്ദേഹം എമിറേറ്റിലെ ആരോഗ്യ സേവനങ്ങളുടെ പുരോഗതിയില്‍ ഗണ്യമായ സംഭാവനകൾ നല്‍കി.
രാജ്യത്ത് ആധുനിക മെഡിക്കല്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും ഊന്നൽ കൊടുത്തു കൊണ്ടുള്ള പദ്ധതിക്ക് സുപ്രധാന പങ്ക് വഹിച്ചു. അറബ് നാടിൻ്റെ സ്‌നേഹവും വിശ്വാസവും ആര്‍ജിച്ച ഡോ. ജോർജ്ജ് മാത്യു ഇപ്പോഴും അല്‍ഐന്‍ സമൂഹത്തിന് മെഡിക്കല്‍ വിവരങ്ങളുടെ വിക്കിപീഡിയയാണ്.
അല്‍ നഹ്യാന്‍ കുടുംബത്തെ ആകെ സേവിക്കാനുള്ള അവസരം ഡോ. ജോർജ്ജ് മാത്യുവിന് ലഭിച്ചിട്ടുണ്ട്. അടുത്തിടെ അന്തരിച്ച ഷെയ്ഖ് താനൂന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാനുമായി (അല്‍ഐന് മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി) മികച്ച അടുപ്പമായിരുന്നു ഡോക്ടർക്കുണ്ടായിരുന്നത്. ”അദ്ദേഹത്തിനു കീഴില്‍ നീണ്ട 57 വർഷം ജോലി ചെയ്യാനായത് വലിയ ഭാഗ്യം. അതിനുള്ള സ്നേഹാദരവാകാം ഇപ്പോഴത്തെ അംഗീകാരം.” ഡോ.ജോര്‍ജ് മാത്യു പറഞ്ഞു
ചിത്രം – കടപ്പാട് / ഖലീജ് ടൈംസ്
രാജ്യത്തിനു വേണ്ടി ചെയ്ത ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് തീരുമാനത്തെ കാണുന്നതെന്ന് ഡോ. ജോര്‍ജ് പറഞ്ഞു. “ഭാവി എന്താകുമെന്ന് നോക്കാതെ കഷ്ടതകള്‍ അവഗണിച്ചാണ് യുഎഇയിലെത്തിയ ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചത്. റോഡ്, വൈദ്യുതി, ജലവിതരണം എന്നിവയൊന്നും അന്നില്ലായിരുന്നു. പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞു സഹായിക്കാനായിരുന്നു ശ്രമം. ബുദ്ധിമുട്ടുകള്‍ മറന്ന് രാജ്യത്തിനു വേണ്ടി നടത്തിയ സേവനങ്ങള്‍ തിരിച്ചറിയപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്പൂര്‍ണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് എന്നിവയിലൂടെ ഡോ. ജോര്‍ജ് മാത്യുവിന്റെ സംഭാവനകളെ രാജ്യം നേരത്തെയും ആദരിച്ചിട്ടുണ്ട്. പത്തു വര്‍ഷം മുന്‍പ് മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആലോചിച്ചതാണ്. അപ്പോഴാണ് യുഎഇ ഭരണാധികാരികളുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും പൗരത്വം നല്‍കിയത്. എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സഹിതം പൗരത്വം നല്‍കുകയെന്ന അപൂര്‍വ്വ നടപടിയിലൂടെ രാജ്യത്തിനായി ഡോ. ജോര്‍ജ് നല്‍കിയ സംഭാവനകള്‍ അടയാളപ്പെടുത്തുകയായിരുന്നു യുഎഇ. 84-ാം വയസ്സിലും കർമ്മ നിരതനാണ് ഡോക്ടർ. നിലവിൽ പ്രസിഡന്‍ഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെല്‍ത്തിൽ സേവനമനുഷ്ഠിക്കുന്നു.