കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. എന്‍.ബി.ടി.സി കമ്പനിയിലെ ഡ്രൈവറായ കൊല്ലം സ്വദേശി ഷമീറിനെയാണ് തിരിച്ചറിഞ്ഞത്. തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേരാണ് മരിച്ചത്. പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്.
മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്. 160 ഓളം ജീവനക്കാർ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. അപകടത്തിൽ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ സ്ഥാപന ഉടമയെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യുവാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ സബാഹ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവരെ കസ്റ്റഡിയിൽ വയ്ക്കാനാണ് നിർദേശം