2024 ജൂൺ 18 തായ്ലൻഡിന് ഒരു ചരിത്ര സുദിനമാണ്. തായ്‌ലൻഡ് സെനറ്റ്, വിവാഹ സമത്വ ബിൽ പാസാക്കിയ ദിനം. ‘സ്വവർഗ ദമ്പതികളെ അംഗീകരിക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ രാജ്യമായി മാറി തായ്ലൻഡ്; മൂന്നാമത്തെ ഏഷ്യന്‍ രാജ്യവും!
ചൊവ്വാഴ്ച സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. സെനറ്റിലെ 152 അംഗങ്ങളില്‍ 130 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 4 പേര്‍ എതിര്‍ത്തു. 18 പേര്‍ വിട്ടുനിന്നു. സാധുവായ നിയമത്തിന് ഇനി രാജാവിൻ്റെ അംഗീകാരം കൂടി വേണം – റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 120 ദിവസത്തിന് ശേഷം ഇത് പ്രാബല്യത്തിൽ വരും.
നിയമപരവും സാമ്പത്തികവും വൈദ്യശാസ്ത്രപരവുമായി എല്ലാ കാര്യത്തിലും പങ്കാളികള്‍ക്ക് തുല്യ അവകാശമാണ് ബില്ലില്‍ പറയുന്നത്. പുരുഷന്‍മാര്‍ , സ്ത്രീകള്‍ എന്നീ വാക്കുകള്‍ വ്യക്തികള്‍ എന്നും ഭര്‍ത്താവ്, ഭാര്യ എന്നീ വാക്കുകള്‍ വിവാഹ പങ്കാളികള്‍ എന്നിങ്ങനെ മാറ്റാനും ബില്ലില്‍ പറയുന്നുണ്ട്.
യാഥാസ്ഥിതിക മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന തായ് സമൂഹം വിവാഹ സമത്വ നിയമം പാസാക്കുന്നതിനായി ദശാബ്ദങ്ങളായി നടത്തിവന്ന പോരാട്ടത്തിനാണ് ഇതോടെ പരിസമാപ്തിയായത്. ബില്ലില്‍ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിക്ക് അനുകൂലമായ നിയമങ്ങളും ഉറപ്പുവരുത്തുന്നുണ്ട്.
LGBT ( Lesbian, gay, bisexual, and transgender) വക്താക്കൾ സുപ്രധാനമായ ഈ നിയമ നിർമ്മാണത്തെ ‘ചരിത്രത്തിലേക്കൊരു ചുവട് വെപ്പ് ‘ എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം തെക്കുകിഴക്കൻ ഏഷ്യയിൽ വിവാഹ സമത്വ നിയമനിർമ്മാണം നടത്തുന്ന ആദ്യത്തെ രാഷ്ട്രവും തായ്‌വാനും നേപ്പാളിനും ശേഷം സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യവുമായി മാറി തായ്ലന്‍ഡ്.
“ചരിത്രം സൃഷ്ടിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,” സ്വവർഗ വിവാഹത്തെ പ്രതിനിധീകരിക്കുന്ന പാർലമെൻ്ററി കമ്മിറ്റി അംഗം പ്ലെയ്ഫ ക്യോക ഷോഡ്ലാഡ് പറഞ്ഞു.
“20 വർഷത്തിലേറെയായി തുടരുന്ന പോരാട്ടത്തിനൊടുവിൽ, ഈ രാജ്യത്തിന് വിവാഹ സമത്വമുണ്ടെന്ന് ഇന്ന് നമുക്ക് പറയാൻ കഴിയും.”
തായ്ലൻഡിലെങ്ങും ഇപ്പോൾ ആഘോഷത്തിൻ്റെ തിമിർപ്പാണ്.
സെനറ്റ് അംഗങ്ങളും പ്രവർത്തകരും തായ്‌ലൻഡിലെ പാർലമെൻ്റ് പരിസരത്ത് മഴവിൽ പതാകകൾ വീശി ആഹ്ളാദിക്കുന്നതും എൽജിബിടി കമ്മ്യൂണിറ്റിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുഷ്ടിയുയർത്തി മുദ്രാവാക്യങ്ങൾ വിളിക്കുന്നതും കാണാമായിരുന്നു.
ആയിരക്കണക്കിന് ജനങ്ങളും ആക്ടിവിസ്റ്റുകളുമാണ് ബാങ്കോക്കിലെ തെരുവുകളിലൂടെ ഐക്യദാർഢ്യ പരേഡിന് നേതൃത്വം കൊടുത്തത്. ‘പ്രൈഡ് മാസം’ ആഘോഷിക്കാൻ മഴവിൽ ഷർട്ട് ധരിച്ച് പ്രധാനമന്ത്രി ശ്രേത്ത തവിസിനും ഒപ്പം ചേർന്നത് ഏറെ കൗതുകവുമായി.
ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തായ്‌ലൻഡ്, ഊർജ്ജസ്വലവും ആരോഗ്യകരവുമായ എൽജിബിടി സംസ്‌കാരത്തിനും സഹിഷ്ണുതയ്ക്കും പേരുകേട്ട രാജ്യമാണ്.
“മനുഷ്യാവകാശങ്ങളും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ മേഖലയിലെ തായ്‌ലൻഡിൻ്റെ നേതൃത്വത്തിന് ഇത് അടിവരയിടും,” വിവാഹ സമത്വത്തിൻ്റെയും ആക്ടിവിസ്റ്റുകളുടെയും എൽജിബിടിക്യുഐ ദമ്പതികളുടെയും സിവിൽ സൊസൈറ്റി കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.