ചെന്നൈ: മുട്ട ചേർത്തുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാരിൻ്റെ വിജ്ഞാപനം. ഒരു വർഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പച്ച മുട്ടകളിൽ നിന്ന് മയോണൈസ് ഉണ്ടാക്കുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവെന പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിഷ്യ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ സാൽമൊണല്ല ബാക്ടീരിയകളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാദ്ധ്യതയാണ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
നിരവധിയിടങ്ങളിൽ മയോണൈസ് തയ്യാറാക്കാൻ അസംസ്കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനം പറയുന്നു. പ്രത്യേക സാഹചര്യങ്ങളിൽ, ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, അല്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങളുടെ സാദ്ധ്യത തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, കൂടുതൽ സമഗ്രമായ പരീക്ഷണങ്ങളിലൂടെ ഭക്ഷ്യവിഷബാധ സാദ്ധ്യത് വിലയിരുത്തി, ശാസ്ത്രീയ വിവരങ്ങൾ ലഭിക്കുന്നതുവരെ ആരോഗ്യ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും വിജ്‍ഞാപനത്തിൽ മുന്നറിയിപ്പ് നൽകുന്നു.