ലക്നൗ: പ്രാണപ്രതിഷ്ഠ നടന്ന് ആറ് മാസമെ ആയിട്ടുള്ളൂ, അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോർച്ചയുണ്ടെന്ന് മുഖ്യപുരോഹിതൻ. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിലാണ് ചോർന്നൊലിച്ച് മഴവെളളം വീണു തുടങ്ങിയിരിക്കുന്നതെന്ന് മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രത്തിനുള്ളിലെ വെള്ളം പുറത്ത് പോകാൻ വഴികളില്ലെന്നും ഇക്കാര്യം പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴ കൂടിയാൽ ക്ഷേത്രത്തിലെ ആരാധന മുടങ്ങും. എന്ത് പോരായ്മയാണുണ്ടായതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 22 നാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.
ഇതോടൊപ്പം, യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അയോദ്ധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അയോദ്ധ്യയിലേക്കുള്ള പ്രത്യേക ട്രെയിൻ, ബസ് സര്‍വ്വീസുകൾ റദ്ദാക്കിയതുമെല്ലാം യാത്രക്കാരുടെ കുറവ് മൂലമാണെന്ന് പറയപ്പെടുന്നു.
ആവശ്യക്കാര്‍ കുറഞ്ഞതോടെ അസ്ത പ്രത്യേക ട്രെയിനുകളാണ് നിർത്തലാക്കിയത്. എന്നാല്‍ അയോദ്ധ്യ ധാമിലേക്കും അയോധ്യ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കും പ്രതിദിനം 32 മുതല്‍ 35 വരെ ട്രെയിനുകള്‍ എത്തുന്നുണ്ട്. ഇതില്‍ ഏകദേശം 28,000 യാത്രക്കാര്‍ വരെ ഉണ്ടെന്നുമാണ് കണക്ക്. മെയ് 15 വരെ അയോദ്ധ്യയിലേക്കുള്ള ട്രെയിന്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ എത്തിയിരുന്നുവെന്നും പിന്നീട് ഇത് കുറഞ്ഞുവരികയായിരുന്നുവെന്നും റേയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്‌പൈസ് ജെറ്റാണ് ആദ്യമായി അയോദ്ധ്യയിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കിയത്. ഹൈദരാബാദ്, ബെംഗളൂരു, പട്‌ന എന്നിവിടങ്ങളില്‍ നിന്നും അയോദ്ധ്യയിലേക്കുള്ള സര്‍വ്വീസ് ഇപ്പോഴില്ല. സര്‍വ്വീസ് ആരംഭിച്ച് രണ്ട് മാസത്തിനിപ്പുറമാണ് തീരുമാനം. ആഴ്ച്ചയില്‍ മൂന്ന് ദിവസം എന്ന നിലയില്‍ ഏപ്രില്‍ മാസത്തിലാണ് സ്‌പൈസ് ജെറ്റ് ഹൈദരാബില്‍ നിന്നും അയോദ്ധ്യയിലേക്ക് നേരിട്ടുള്ള സര്‍വ്വീസ് ആരംഭിച്ചത്. ജൂണ്‍ ഒന്നിനാണ് ഏറ്റവും ഒടുവിലത്തെ സര്‍വ്വീസ് നടത്തിയത്. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഹൈദരാബാദില്‍ നിന്നും അയോദ്ധ്യയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അയോദ്ധ്യയിലേക്കുള്ള ബസ് സര്‍വ്വീസുകളും കാര്യവും വ്യത്യസ്തമല്ല. 396 ബസുകള്‍ വരെ സര്‍വ്വീസ് നടത്തിയിരുന്നിടത്ത് ഇപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ഓരോ ബസുകള്‍ പുറപ്പെട്ടാലായി.
ജനുവരി 22 ലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ അയോദ്ധ്യയിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ പ്രതിദിനം ഒന്നരലക്ഷം പേര്‍ വരെ എത്തിയിരുന്നുവെന്ന് കണക്ക്. എന്നാല്‍ ഏപ്രില്‍ മുതൽ അയോദ്ധ്യയില്‍ എത്തുന്ന ആളുകളുടെ എണ്ണം ഏകദേശം ഒരു ലക്ഷമായും പിന്നീട് 60,000 ലേക്കും ചുരുങ്ങിക്കൊണ്ടിരികുന്നു.