ഇന്ത്യയിലെമ്പാടുമുള്ള നിരവധി
സിബിഎസ്ഇ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ തിയറി–പ്രാക്ടിക്കൽ മാർക്കുകൾ തമ്മിൽ വലിയ അന്തരം കണ്ടെത്തിയതിനെ തുടർന്ന് സ്കൂളുകൾക്കു മുന്നറിയിപ്പു നൽകി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ.
വിദ്യാർത്ഥികളുടെ മാർക്കുകൾ തമ്മിലുള്ള പൊരുത്തക്കേട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണു കണ്ടെത്തിയത്. സിബിഎസ്ഇയുമായി ബന്ധപ്പെട്ട 500- ലധികം സ്കൂളുകളിൽ നിന്നുള്ള 50 ശതമാനം വിദ്യാർത്ഥികൾക്കും ഈ മാർക്കുകൾക്കിടയിൽ കാര്യമായ വിടവ് ഉണ്ടെന്ന് കണ്ടെത്തി.
ഇൻ്റേണൽ മാർക്കിംഗ് പ്രക്രിയകൾ അവലോകനം ചെയ്യാനും പുനർമൂല്യനിർണയം നടത്താനും വിദ്യാഭ്യാസ ബോർഡ് ഇപ്പോൾ സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്കൂളുകളിലെ പ്രായോഗിക പരീക്ഷകളിൽ സൂക്ഷ്മമായ മൂല്യനിർണ്ണയത്തിൻ്റെ ആവശ്യകതയാണ് ഈ വ്യതിയാനം ഊന്നിപ്പറയുന്നതെന്ന് ബോർഡ് ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.
മുൻവർഷങ്ങളിലെ ഫലവുമായുള്ള താരതമ്യത്തിലാണു വ്യത്യാസം ശ്രദ്ധയിൽപെട്ടത്. പ്രാക്ടിക്കൽ പരീക്ഷകളിലെ മൂല്യനിർണ്ണയം സംബന്ധിച്ചു കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്കൂളുകൾക്കു നൽകിയിട്ടുണ്ട്.