കർണ്ണാടകയിലെ സ്വകാര്യവ്യവസായ മേഖലയിൽ സർക്കാർ പ്രാവർത്തികമാക്കുന്ന പുതിയ തൊഴിൽനിയമം മലയാളികൾ ഉൾപ്പെടെ ഇതരസംസ്ഥാനത്തു നിന്ന് തൊഴിൽ തേടുന്നവർക്ക് തിരിച്ചടിയാകും. സ്വകാര്യവ്യവസായ സ്ഥാപനങ്ങളിലെ ക്ലറിക്കൽ, ഗ്രൂപ്പ് ഡി ജോലികളിൽ കർണ്ണാടകക്കാർക്ക് മാത്രമായി സംവരണം ചെയ്യുന്നതാണ് പുതിയ തൊഴിൽ നിയമം. തൊഴിൽമേഖലയിൽ തദ്ദേശീയരുടെ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടു വെയ്ക്കുന്നത്. നിലവിൽ ഇത്തരം സ്ഥാപനങ്ങളിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇതരസംസ്ഥാനക്കാർ ജോലി ചെയ്യുന്നുണ്ട്.
കർണ്ണാടക ഇൻഡസ്ട്രിയിൽ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്സ്) (അമൻഡ്മെന്റ്) റൂൾസ് 2024 എന്നപേരിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് തീരുമാനം അടുത്ത മന്ത്രിസഭായോഗം കൈക്കൊള്ളും. സ്വകാര്യമേഖലയിൽ കർണ്ണാടകക്കാർക്ക് നൂറുശതമാനം സംവരണംവേണമെന്ന് കന്നഡ അനുകൂലസംഘടനകൾ നേരത്തേ മുതൽ ആവശ്യമുന്നയിക്കുന്നതാണ്. 2019 – ൽ സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകണമെന്ന നിയമഭേദഗതി കൊണ്ടുവന്നത് ഈ അടിസ്ഥാനത്തിലാണ്.
ഐ.ടി., ഐ.ടി. അനുബന്ധ മേഖലയെ ഈ നിയമത്തിൽ നിന്ന് താൽക്കാലികമായെങ്കിലും ഒഴിവാക്കി നിർത്തിയിട്ടുണ്ട്. 25 വർഷം മുൻപ് കർണാടകസർക്കാർ ഐ.ടി., ഐ.ടി. അനുബന്ധ മേഖലയെ ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ്് നിയമപരിധിയിൽനിന്ന് ഒഴിവാക്കിയത് ചുവടു പിടിച്ചാണ് ഈ മാറ്റി നിർത്തൽ. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഈ നിയമ നടപടിയുടെ സമയപരിധി നീട്ടിക്കൊണ്ടിരിക്കുക എന്നതുതന്നെയാണ് സർക്കാർ ഇപ്പോൾ ആവർത്തിച്ചതും. ഈ സർക്കാർ നടപടി ജീവനക്കാർക്ക് വെല്ലുവിളിയാകുന്നു എന്നത് ആക്ഷേപമായി ഉയർന്നിട്ടുണ്ട്. ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണിതെന്നാണ് ആരോപണം. ജീവനക്കാരുടെ അവധിനയം, ജോലിസമയം, പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്ന ഈ നിയമത്തിന്റെ പരിധിയിൽ ഐ.ടി., ഐ.ടി. അനുബന്ധ മേഖലയെ തിരികെ കൊണ്ടുവരണമെന്ന് കർണ്ണാടക സംസ്ഥാന ഐ.ടി./ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാർച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ കർണ്ണാടക ലേബർ കമ്മിഷണർ ഓഫീസിലേക്ക് ഈ ആവശ്യമുന്നയിച്ച് പ്രതിഷേധമാർച്ച് നടത്തുകയും കമ്മിഷണർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. അതനുസരിച്ച് യൂണിയനെയും തൊഴിൽദാതാക്കളെയും കേട്ടശേഷമേ തീരുമാനമെടുക്കൂവെന്ന് കമ്മിഷണർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഉറപ്പ് അവഗണിച്ച് തൊഴിൽ നിയമത്തിൽനിന്ന് ഒഴിവാക്കിയ നടപടി അഞ്ചുവർഷത്തേക്കുകൂടി നീട്ടി ഉത്തരവിറക്കുകയായിരുന്നു സർക്കാർ ചെയ്തത്. കർണ്ണാടകയിൽ ഐ.ടി. മേഖലയിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ് എന്നുള്ളതുകൊണ്ടു തന്നെ കൂടുതൽ
പ്രതിസന്ധിയിലാകുന്നതും ഇവരായിരിക്കും.