മുംബൈ: പ്രോബേഷണറി ഓഫീസറായി ജോലിയിൽ പ്രവേശിച്ചതേയുള്ളൂ , പൂണെ പ്രൊബേഷണറി ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്ക. ആവശ്യങ്ങൾ കേട്ട് ആദ്യം ഞെട്ടിയത് സ്ഥലത്തെ കലക്ടർ. യുവ ഐ എ എസിൻ്റെ അധികാര ദുര്‍വിനിയോഗത്തിൻ്റെ കഥകൾ കേട്ടവരെല്ലാം പിന്നീട് ഒന്നൊന്നായി ഞെട്ടിത്തരിച്ചു.
വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് വേണം , സര്‍ക്കാര്‍ ബോര്‍ഡും. ഒട്ടും താമസിച്ചില്ല, തന്റെ സ്വകാര്യ ആഡംബര കാറില്‍ ഗവണ്‍മെന്റ് ഓഫ് മഹാരാഷ്ട്ര എന്ന സ്റ്റിക്കറും ചുവപ്പ് നീല ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ച് യാത്ര ആരംഭിച്ചു. തീർന്നില്ല, ആവശ്യങ്ങൾ – അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് തന്നെ വിഐപി നമ്പര്‍ പ്ലേറ്റുള്ള ഔദ്യോഗിക കാര്‍, താമസസൗകര്യം, ജീവനക്കാരുള്ള ഔദ്യോഗിക വസതി, സുരക്ഷയ്ക്ക് ഒരു കോണ്‍സ്റ്റബിള്‍ എന്നിവയും വേണം. ആവശ്യപ്പെടുകയും ചെയ്തു. പ്രൊബേഷണറി ഐഎഎസ് ഓഫീസര്‍ക്ക് ഈ പ്രത്യേകാവകാശങ്ങള്‍ക്ക് അര്‍ഹതയില്ലാതിരിക്കെയാണ് ഖേദ്കര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
അധികാര ദുര്‍വിനിയോഗം വിവാദത്തിലാവാൻ അധിക സമയം വേണ്ടല്ലോ. പൂജ ഖേദ്കര്‍ക്കും മറ്റൊന്നുമല്ല സംഭവിച്ചത് – തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഉദ്യോഗസ്ഥയെ പുനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റി. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ടും തേടി. പൂണെ കളക്ടറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
യുപിഎസ്‌സി പരീക്ഷയില്‍ അഖിലേന്ത്യാ റാങ്ക് (എഐആര്‍) 841 നേടിയ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേദ്കര്‍. റിട്ടയേര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ദിലീപ് ഖേദ്കര്‍ മകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജില്ലാ കളക്ടറുടെ ഓഫീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇതോടെ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. പ്രതിവര്‍ഷം 8 ലക്ഷം രൂപ വരുമാന പരിധിയുള്ള പിന്നാക്ക വിഭാഗത്തില്‍ (ഒബിസി) നിന്നുള്ളയാളാണെന്നാണ് ഖേദ്കര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇവരുടെ പിതാവിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 40 കോടി മൂല്യമുള്ള ആസ്തിയും 43 ലക്ഷം വാര്‍ഷിക വരുമാനവും കാണിക്കുന്നുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വഞ്ചിത് ബഹുജന്‍ ആഘാഡി ടിക്കറ്റില്‍ ദിലീപ് ഖേദ്കര്‍ മത്സരിച്ചിരുന്നു.
വാഷിം ജില്ലയില്‍ സൂപ്പര്‍ ന്യൂമററി അസിസ്റ്റന്റ് കളക്ടറായി പൂജ ഖേദ്കര്‍ സേവനമനുഷ്ഠിക്കാനാണ് അവസാനമായി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2025 ജൂലൈ 30വരെയാണ് നിയമനമെന്ന് പുനെ ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.