പ്രിയങ്കാ ഗാന്ധി വയനാട് ലോകസഭാ നിയോജക മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക നൽകിയേക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ബി ജെ പി ക്യാമ്പുകളിൽ അങ്കലാപ്പിൻ്റെ അലയൊലി. കോൺഗ്രസിനെതിരെ ആരോപണങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ട് ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. കോൺഗ്രസ് ‘വംശീയ രാഷ്ട്രീയത്തിൽ ‘ ഏർപ്പെടുന്നുവെന്നാണ് പ്രധാന ആരോപണം.
ഉത്തർപ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലം രാഹുൽ ഗാന്ധി നിലനിർത്തുമെന്നും കേരളത്തിലെ വയനാട് സീറ്റ് ഒഴിയുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രഖ്യാപനത്തെ തുടർന്നാണ് സോഷ്യൽ മീഡിയയിലൂടെയുള്ള രൂക്ഷമായ വിമർശനം. വയനാട്ടിൽ നിന്ന് പ്രിയങ്ക ഗാന്ധി വാദ്ര തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്നു എന്നത് ബി ജെ പി യെ ഭയാശങ്കയിലാക്കുന്നു എന്ന് വേണം സംശയിക്കാൻ.
കോൺഗ്രസ് പൊതുസമൂഹത്തെ വഞ്ചിക്കുകയും ഉദ്ദേശ്യം മറച്ചുവെക്കുകയുമാണ് ചെയ്തതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. രാഹുൽ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുമെന്ന കാര്യം ലജ്ജയില്ലാതെ മറച്ചുവെച്ചത് നാണമില്ലായ്മയാണ്. കോൺഗ്രസിൻ്റെ വഞ്ചനയാണിത് – വയനാട്ടിലെ വോട്ടർമാരുടെ മേൽ തങ്ങളുടെ രാജവംശത്തിലെ ഓരോ അംഗങ്ങളും അടിച്ചേൽപ്പിക്കുന്നു – ചന്ദ്രശേഖർ എക്‌സിൽ പറഞ്ഞു.
ഈ വഞ്ചനയാണ് രാഹുൽ ഗാന്ധിയുടെ കീഴിൽ കോൺഗ്രസ് മൂന്നാം തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രശേഖറിനോട് പ്രതികരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്രാക്ക് റെക്കോർഡ് ചൂണ്ടിക്കാട്ടി.
“നരേന്ദ്രമോദി 2014 ൽ വാരാണസിയിലും മത്സരിക്കുമെന്ന് വഡോദരയിലെ വോട്ടർമാരിൽ നിന്ന് ‘നാണമില്ലാതെ’ മറച്ചുവെച്ചത് പോലെ, അല്ലേ?” ഖേര പരിഹസിച്ചു
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വഡോദരയിലും വാരാണസിയിലും മത്സരിച്ച് വിജയിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പരാമർശിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹം വഡോദര മണ്ഡലത്തിൽ നിന്ന് രാജിവെക്കുകയും വാരാണസി സീറ്റ് നിലനിർത്തുകയും ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ടാൽ, പ്രിയങ്ക ഗാന്ധിയുടെ പാർലമെൻ്റിലേക്കുള്ള ആദ്യ കാൽവെപ്പായി ഇത് അടയാളപ്പെടുത്തും. കൂടാതെ, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരേസമയം പാർലമെൻ്റിൽ എത്തുന്നതും ഇതാദ്യമായിരിക്കും.
പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ ബിജെപി അപലപിച്ചു, കോൺഗ്രസ് ഒരു പാർട്ടിയല്ല, കുടുംബ കമ്പനിയാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.
വയനാട് സീറ്റ് ഒഴിയാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ മണ്ഡലത്തിലെ വോട്ടർമാരോടുള്ള വഞ്ചനയാണെന്നും ഇത് കുടുംബത്തിനുള്ളിൽ രാഷ്ട്രീയ പാരമ്പര്യം നിലനിർത്താനുള്ള തന്ത്രമാണെന്നും പൂനാവാല ആരോപിച്ചു. റായ്ബറേലി സീറ്റ് വിട്ടുനൽകേണ്ടെന്ന് രാഹുൽ ഗാന്ധി തീരുമാനിച്ചത് തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നുള്ളതുകൊണ്ടാണെന്നും പൂനാവാല ചൂണിക്കാട്ടുന്നു.