ഫോട്ടോ- കടപ്പാട് / ദി എക്കണോമിക് ടൈംസ്
ലഖ്‌നോ: ഭക്ഷണത്തിൽ ഉള്ളിയുടെ കഷ്ണങ്ങൾ കണ്ടെന്നു പറഞ്ഞ് ഹോട്ടൽ അടിച്ചു തകർത്ത് കാവഡ് തീർത്ഥാടകർ. മുസഫർനഗറിൽ ദേശീയപാതക്കു സമീപത്തെ ‘തൗ ഹുക്കേവാല ഹരിയാൻവി ധാബ’യാണ് തീർത്ഥാടകർ തകർത്തത്. കാവഡ് യാത്ര കടന്നുപോകുന്ന പശ്ചിമ യു.പിയിലെ 240 കിലോമീറ്റർ റോഡിൽ ഹോട്ടലുകളുടെയും പഴക്കടകളുടെയും മുന്നിൽ കടയുടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്‍റെ വിവാദ ഉത്തരവ് നിലനിൽക്കെയാണ് സംഭവം.
ഗംഗയിൽ നിന്ന് ശേഖരിച്ച ജലവുമായി ഹരിദ്വാറിലേക്ക് പോകുന്ന കാവഡ് തീർത്ഥാടക സംഘം കയറിയ ഹോട്ടലിൽ, ഓർഡർ ചെയ്ത കറിയിൽ ഉള്ളി കഷ്ണം കണ്ടെന്നും പറഞ്ഞാണ് ഹോട്ടലിലെ ജീവനക്കാരെയും പാചകക്കാരനെയും മർദ്ദിച്ചവശരാക്കിയത്. കടയിലെ ഫർണീച്ചറുകളും ഫ്രിഡ്ജും ഉൾപ്പെടെ സംഘം അടിച്ചുതകർത്തു.
ശിവഭക്തർക്ക് ഉള്ളി നിഷിദ്ധമാണെന്നും കറിയിൽ ഉള്ളി കണ്ടാൽ അസ്വസ്ഥരാകുമെന്നും ചാപ്പർ പൊലീസ് സ്റ്റേഷൻ ഓഫീസർ റോജന്‍റ് ത്യാഗി പറഞ്ഞു. കാവഡ് തീർത്ഥാടകർ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തില്ലെന്ന കാര്യം തങ്ങൾക്കറിയില്ലെന്നും ആശയക്കുഴപ്പം കാരണമാണ് ഇത് സംഭവിച്ചതെന്നും ഹോട്ടൽ ഉടമ പ്രമോദ് കുമാർ പ്രതികരിച്ചു.
യു.പി സർക്കാറിന്‍റെ വിവാദ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉത്തരവിനെതിരെ സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഉത്തരവ് പിൻവലിക്കണമെന്ന് ഓൺലൈൻ വഴി സന്നദ്ധ സംഘടന സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു.
ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സംഘടനയുടെ ആവശ്യം അംഗീകരിച്ച കോടതി, തിങ്കളാഴ്ച പരിഗണിക്കാനായി ലിസ്റ്റ് ചെയ്തു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഉത്തരവിനെതിരെ പ്രതിപക്ഷവും എൻ.ഡി.എയിലെ സഖ്യ കക്ഷികളും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.