ന്യൂഡൽഹി: സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടിത്തത്തിൽ സൈനികരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീരമൃത്യുവരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്‍റെ ഭാര്യ സ്മൃതി സിങ്ങിന് നേരെ സമൂഹമാധ്യമങ്ങളിൽ ലൈംഗികചുവയോടെ മോശം പരാമർശങ്ങൾ നടത്തിയ ആൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സ്മൃതി സിങ്ങിന് നേരെ മോശം പരാമർശമുണ്ടായത്. സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ പൊലീസിൽ പരാതി നൽകിയിരുന്നു.
ഭാരതീയ ന്യായ് സംഹിതയിലെയും ഐ.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻ വിഭാഗമാണ് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് എക്സുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരാതിയിൽ നടപടിയെടുത്ത് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ദേശീയ വനിതാ കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകിയത്
മരണാനന്തര ബഹുമതിയായി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് കീർത്തിചക്ര പുരസ്കാരം സമ്മാനിച്ചിരുന്നു. സ്മൃതിയും അൻഷുമാൻ സിങ്ങിന്റെ മാതാവും ചേർന്നാണ് രാഷ്ട്രപതിയിൽ നിന്ന് മരണാനന്തര പുരസ്കാരം ഏറ്റുവാങ്ങിയത്.
സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടിത്തത്തിൽ ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷിക്കാൻ ക്യാപ്റ്റൻ അതിന്റെ ഉള്ളിലേക്ക് പ്രവേശിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതരായി പുറത്തെത്തിച്ചു. എന്നാൽ പുറത്തേക്ക് കടക്കാനാകാതെ കാപ്റ്റൻ ബങ്കറിനുള്ളിൽ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റ കാപ്റ്റനെ ഹെലികോപ്ടറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും അവഗണിച്ചുള്ള അദ്ദേഹത്തിന്റെ ധീരതക്കാണ് രാഷ്ട്രം മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി ആദരിച്ചത്.