ന്യൂ ഡെൽഹി ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ തകരാറ് കാരണം മണിക്കൂറുകളോളം നിശ്ചലമായിപ്പോയ ടെക് ലോകം പതുക്കെ മിഴിതുറന്നു.
നാടൊട്ടുക്കുമുള്ള കമ്പ്യൂട്ടറുകള്‍ അവ ഉപയോഗിക്കുന്ന ഓഫീസുകൾ, കമ്പനികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആരോഗ്യ മേഖലകള്‍ തുടങ്ങി വിമാനത്താവളങ്ങള്‍ വരെ വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങളെയെല്ലാം വൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രശ്നം മണിക്കൂറുകളാണ് മുൾമുനയിൽ നിർത്തിയത്.
ഇന്ന് പുലർച്ചെ മുതലാണ് വിമാന സർവ്വീസുകളെല്ലാം സാധാരണ നിലയിലേക്കെത്തിയത്. എന്നാൽ ഇന്നലെ ഉണ്ടായ തടസങ്ങൾ കാരണം ചില വിമാനങ്ങൾ വൈകി ആണ് സർവ്വീസ് നടത്തുന്നത്. ഇന്ന് ഉച്ചയോടെ എല്ലാം പൂർവസ്ഥിതിയിൽ ആകും എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
സെക്കന്‍ഡുകളോ മിനുറ്റുകളോ ഇന്‍റര്‍നെറ്റ് സംവിധാനങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിശ്ചമാകുന്നത് മുമ്പും നാം അനുഭവിച്ചിട്ടുണ്ട. എന്നാല്‍ ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇത്രയധികം സമയം കണ്ണടച്ചത് ലോകത്തെ തന്നെ നിശ്ചലമാക്കിയ സംഭവം ആദ്യമായിരിക്കും.
വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ കാണിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നം. ഇതോടെ ഇന്നലെ ആഗോളവ്യാപകമായി ഗതാഗത, ബാങ്കിംഗ്, കമ്മ്യൂണിക്കേഷന്‍ മേഖലകളിലെല്ലാം തടസം നേരിട്ടു
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളെയുമാണ് വിന്‍ഡോസ് പ്രശ്‌നം പ്രധാനമായും വലച്ചത്. അമേരിക്ക, യുകെ തുടങ്ങി നിരവധി വിമാനത്താവളങ്ങളിലെ സര്‍വ്വീസുകള്‍ വൈകി. വിന്‍ഡോസിലെ പ്രശ്‌നം ഇന്ത്യയില്‍ ദില്ലി, മുംബൈ, ബെംഗളൂരു, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി തന്നെ ബാധിച്ചു. വിസ്‌താര, ഇന്‍ഡിഗോ, ആകാസ, സ്പൈസ്‌ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ മൈക്രോസോഫ്റ്റ് ‘ചതി ‘യിൽ പെട്ടു.
അമേരിക്കയിലെയും യുകെയിലേയും വിമാനങ്ങളുടെ ചെക്ക്-ഇൻ വൈകിയതു കാരണം അമേരിക്കന്‍ എയര്‍ലൈന്‍സ്, ഫ്രണ്ടിയര്‍ എയര്‍ലൈന്‍സ്, അല്ലെജിയൻറ് എയര്‍, ഡെല്‍റ്റ എയര്‍ലൈന്‍സ്, തുടങ്ങിയുടെ സര്‍വീസുകള്‍ തടസം നേരിട്ടു. നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങി.
.
യുകെയിൽ ഹീത്രൂ, ലൂറ്റണ്‍, ലിവര്‍പൂള്‍, എഡിന്‍ബര്‍ഗ്, ബര്‍മിംഗ്‌ഹാം, മാഞ്ചസ്റ്റര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലും സ്പെയിന്‍, ജര്‍മനി, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, ഹോങ്കോംഗ്, ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളേയും എയര്‍ലൈൻസുകളേയും പ്രശ്‌നം രൂക്ഷമായി ബാധിച്ചു.
ഇന്ത്യയിലെയും അമേരിക്കയിലെയും ദക്ഷിണാഫ്രിക്കയിലും ബാങ്കിംഗ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാരിസ് ഒളിംപിക്‌സിന്‍റെ ഐടി സിസ്റ്റങ്ങളും പ്രശ്നം നേരിട്ടു. എന്നാല്‍ ഒളിംപിക്‌സിന്‍റെ ടിക്കറ്റ് വില്‍പനയെ ബാധിച്ചിട്ടില്ല എന്ന് സംഘാടകര്‍ വ്യക്തമാക്കി.