ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളെ തെരഞ്ഞെടുക്കുന്ന ക്യൂ.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ മികച്ച നേട്ടം കൈവരിച്ച് ഐ.ഐ.റ്റി ബോംബേയും ഐ.ഐ.റ്റി ഡല്‍ഹിയും. കഴിഞ്ഞ തവണ 149ആം സ്ഥാനത്തുണ്ടായിരുന്ന ഐ.ഐ.റ്റി ബോംബേ 31 സ്ഥാനം മുന്നോട്ടുകയറി 118 ൽ എത്തി. 47 സ്ഥാനം മുന്നോട്ടുകയറിയ ഐ.ഐ.റ്റി ഡല്‍ഹി 150ാം സ്ഥാനവും സ്വന്തമാക്കി.
46 സര്‍വ്വകലാശാലകള്‍ ഇത്തവണപട്ടികയില്‍ ഇടം നേടി.
2015 ല്‍ ഇത് 11 ആയിരുന്നു. 10 വര്‍ഷത്തിനിടെ 318 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ഏഷ്യയില്‍ മൂന്നാം സ്ഥാനവും ഇന്ത്യ സ്വന്തമാക്കി. ജപ്പാനും ചൈനയുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. 61 ശതമാനം ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളും റാങ്കിംഗില്‍ മുന്നോട്ടുപോയി. 24 ശതമാനം റാങ്കില്‍ മാറ്റമില്ലാതെ നിന്നു. ഒമ്പത് ശതമാനത്തിന്റെ റാങ്ക് താഴോട്ടുപോയി.
മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.റ്റി) തുടര്‍ച്ചയായ പതിമൂന്നാം തവണയും ഒന്നാമതെത്തി. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ രണ്ടാം സ്ഥാനത്ത്. ഓക്‌സ്‌ഫോര്‍ഡ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളാണ് മൂന്നും നാലും സ്ഥാനത്ത്. അഞ്ചാം സ്ഥാനം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും സ്വന്തമാക്കി.
പഠനം കഴിഞ്ഞവര്‍ക്ക് ജോലി ലഭിക്കുന്ന കാര്യത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ആഗോള തലത്തില്‍ 44ാം സ്ഥാനം നേടി. ഗവേഷണ വിഷയത്തിലും ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ മികച്ച പ്രകടനം കാഴ്ച വച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സര്‍വ്വകലാശാലകളില്‍ നടത്തിയ ഗവേഷണവുമായി ബന്ധപ്പെട്ട (Citations per Faculty) സൂചകത്തില്‍ ഇന്ത്യ 37.8 സ്‌കോറോടെ ആഗോള ശരാശരിയെ (23.5) മറികടന്നു.
അതേസമയം സര്‍വ്വകലാശാലകളില്‍ വിദേശ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും വളരെ പിറകിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അധ്യാപക – വിദ്യാര്‍ത്ഥി അനുപാതം, പഠന ശേഷമുള്ള തൊഴില്‍ ലഭ്യത, സുസ്ഥിരത തുടങ്ങിയ സൂചകങ്ങളിലും ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ മോശം പ്രകടനമാണ് കാഴ്ച വച്ചത്.