എ.ടി.എം ഇടപാടുകൾക്ക് ഇനി ചാർജേറും. കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണൽ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചു കഴിഞ്ഞു.
ഇന്റർചെഞ്ച് ഫീസ് 23 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രിയുടെ ആവശ്യം. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്കുകൾ തമ്മിൽ ഇൗടാക്കുന്ന നിരക്കാണ് ഇന്റർചെയ്ഞ്ച് ഫീസ്.
അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ നിന്നും ഉപഭോക്താവ് പണം പിൻവലിച്ചാൽ ഡെബിറ്റ് കാർഡ് നൽകിയ ബാങ്ക് പണം പിൻവലിക്കപ്പെട്ട എ.ടി.എമ്മിന്റെ ഉടമസ്ഥരായ ബാങ്കിന് നിശ്ചിത തുക നൽകണം. ഇതാണ് ഇൻറർചെയ്ഞ്ച് ഫീസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിൽ വർദ്ധന വേണമെന്നാണ് പുതിയ ആവശ്യം.
2021ലാണ് അവസാനമായി ഇന്റർചെയ്ഞ്ച് ഫീസ് കൂട്ടിയത്. അന്ന് 15 രൂപയിൽ നിന്നും 17 രൂപയാക്കിയാണ് ഉയർത്തിയത്. ഇന്റർചെയ്ഞ്ച് ഫീസായി പരമാവധി ഈടാക്കാവുന്ന തുക 20ൽ നിന്നും 21 രൂപയായും വർദ്ധിപ്പിച്ചിരുന്നു. നിലവിൽ സൗജന്യ എ.ടി.എം ഇടപാടുകൾക്ക് ബാങ്കുകൾ പരിധി നിശ്ചയിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളിൽ പരമാവധി അഞ്ച് എ.ടി.എം ഇടപാടുകൾ വരെ നടത്താം. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിലാണെങ്കിൽ പരമാവധി മൂന്ന് ഇടപാടുകൾ മാത്രമേ സൗജന്യമായി നടത്താനാവു.