ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് ജയിച്ച് കയറി എം പിയായി. പക്ഷെ, സത്യപ്രതിജ്ഞ ചെയ്യാനായില്ല എൻജിനീയർ റാഷിദിനും അമൃത്പാൽ സിങ്ങിനും. രണ്ടു പേരും ജയിലിലാണ്.
ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ സത്യപ്രതിജ്ഞ ദിനത്തിൽ ഇവർക്ക് ഹാജരാകാനായില്ല.
അബ്ദുൽ റാഷിദ് ശൈഖ് എന്ന എൻജിനീയർ റാഷിദ് ബാരാമുല്ലയിൽ നിന്ന് രണ്ടുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവിൽ തീഹാർ ജയിലിലാണ്. തീവ്രവാദത്തിന് ഫണ്ട് നൽകിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യു.എ.പി.എ നിയമപ്രകാരമാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയം ഇടക്കാല ജാമ്യത്തിനായി ഡൽഹി കോടതിയെ സമീപിച്ചുവെങ്കിലും എൻ.ഐ.എ, ജാമ്യം നൽകരുതെന്ന് ആവശ്യമുന്നയിച്ചു. കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി എൻ.ഐ.എക്ക് നിലപാട് വ്യക്തമാക്കാൻ ജൂലൈ ഒന്നുവരെ സമയം നൽകി.
പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽനിന്ന് 1.97 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടയാളാണ് അമൃത്പാൽ സിങ്ങ്. തീപ്പൊരി പ്രഭാഷകനും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാൽസിങ് ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗാ സെൻട്രൽ ജയിലിലാണ്.
അനുയായികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകളാണ് അമൃത്പാൽ സിങ്ങിനെതിരെയുള്ളത്. സത്യപ്രതിജ്ഞ ചെയ്യാൻ തടവിൽനിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സിങ് പഞ്ചാബ് സർക്കാറിന് കത്തെഴുതിയിരുന്നു.
തിരുവനന്തപുരം എം.പി ശശി തരൂർ (കോൺഗ്രസ്), ബസിർഹത്ത് എം.പി ശൈഖ് നൂറുൽ ഇസ്ലാം, അസൻസോൾ എം.പി ശത്രുഘ്നൻ സിൻഹ (ടി.എം.സി) എന്നിവരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. പേരുവിളിച്ചെങ്കിലും ഇവരാരും സഭയിൽ ഹാജരായിരുന്നില്ല. ഘട്ടലിൽ നിന്നുള്ള ദീപക് അധികാരി (ടി.എം.സി) ബുധനാഴ്ച എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.