കണ്ടാണിശ്ശേരിയുടെ കഥാകാരൻ്റെ 101-ാം ജന്മവാർഷികം

Date:

ജൂൺ 9 വട്ടപറമ്പിൽ വേലപ്പൻ അയ്യപ്പൻ എന്ന കോവിലൻ്റെ 101-ാം ജന്മവാർഷികമാണ്.
മലയാള സാഹിത്യത്തിലെ റിയലിസ്റ്റ് എഴുത്തുഭാഷയ്ക്ക് പുതിയൊരു ശൈലീഭാവം നല്‍കിയ കോവിലൻ 2019 ജൂൺ രണ്ടിന് 87 -ാം വയസ്സിലാണ് അന്തരിച്ചത്. മലയാള സാഹിത്യത്തിലെ ഗോത്രത്തനിമ നിറഞ്ഞ അനുഭവേദ്യ എഴുത്തിന്റെ സൃഷ്ടാവാണ് കോവിലൻ. തൃശൂർ ജില്ലയിലെ പഴയ കൊച്ചി ശീമയിൽ പെട്ട കണ്ടാണശ്ശേരി എന്ന തട്ടകത്തെ ഒരു ആഗോള മാതൃകയാക്കി ഗ്രാമവൃക്ഷം പോലെ പന്തലിച്ചു നിന്നു ആ എഴുത്തുകാരൻ. പട്ടാളജീവിതം പ്രമേയമാക്കിയ കഥകളായിരുന്നൂ കോവിലന്റെ ആദ്യകാല രചനകൾ. പിന്നീട് തട്ടകവും തോറ്റങ്ങളും പുറത്തുവന്നു, നാട്ടുവഴക്കങ്ങളും മിത്തുകളും ഇഴചേർത്ത കോവിലന്റെ ഭാഷ മലയാളത്തിന് പുതിയ അനുഭവമായി. മണ്ണും മനുഷ്യനും തമ്മിലുള്ള പ്രഗാഢമായ ബന്ധത്തെ ഇത്രത്തോളം തീവ്രമായി അവതരിപ്പിച്ചിട്ടുള്ള വേറേ എഴുത്തുകാർ അപൂർവ്വമാണ്.

ഗ്രാമ്യഭാഷയുടെ ചൂടും ചൂരുമുള്ള കഥകളിലൂടെ മലയാള സാഹിത്യത്തിൽ നാട്ടുവഴക്കങ്ങളുടെ നവഭാവുകത്വം സൃഷ്ടിച്ചു. വിശപ്പിനെക്കുറിച്ചും നാട്ടുജീവിതത്തിന്റെ ചുളിവുകളിലൂടെയും ചെരിവുകളിലൂടെയും കോവിലന്റെ കഥയും നോവലും സഞ്ചരിച്ചു. അങ്ങനെ ജാതീയതയും അസ്പ്രശ്യതയും അന്ധവിശ്വാസങ്ങളും വികാരവിചാരങ്ങളും നിറഞ്ഞ കേരളീയ ഗ്രാമങ്ങളുടെ വിറങ്ങലിച്ച ജീവിത പ്രാന്തങ്ങളിലേക്ക് തന്റെ എഴുത്തിനെ തിരിച്ചുവിട്ടു അദ്ദേഹം. അനുഭവേദ്യമായ എഴുത്താണ് കോവിലന്റെ പ്രത്യേകത. തീവ്രാനുഭവങ്ങളും അസ്പ്രശ്യതയും കണ്ടുനിന്നവന്റെയല്ല അനുഭവിച്ചറിഞ്ഞവന്റെ എഴുത്ത് ഭാഷ്യമായിരുന്നു അത്. തട്ടകവും തോറ്റങ്ങളും ഒരർത്ഥത്തിൽ മലയാളത്തിലെ മാജിക്കൽ റിയലിസത്തിന്റെ അനാദൃശ്യപാടവമുള്ള ആഖ്യാനമായാണ് അറിയപ്പെടുന്നത്. ഗ്രാമ്യതയും ഗോത്രഭാവങ്ങളും ഇണചേരുന്ന സാഹിത്യത്തിന്റെ കരുത്തുള്ള സ്ഥലികളായി കോവിലന്റെ ഓരോ രചനയും.

തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയിൽ 1923 ജൂലൈ 9 ന് ജനിച്ചു. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും നെന്മിനി ഹയർ എലിമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യദീപിക സംസ്കൃത കോളേജിലുമായിരുന്നു വിദ്യാഭ്യാസം. കെ.പി. നാരായണപ്പിഷാരടി, പി.സി. വാസുദേവൻ ഇളയത്, എം.പി. ശങ്കുണ്ണിനായർ എന്നിവരുടെ ശിക്ഷണം അയ്യപ്പനെ തുണച്ചു. 13-ാം വയസ്സു മുതൽതന്നെ ചിന്തയിലേയ്ക്കും എഴുത്തിലേയ്ക്കും മനസ്സുതുറന്നു. ക്വിറ്റിന്ത്യാ സമരത്തിൽ ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ക്ലാസ്സ് ബഹിഷ്കരിച്ച് മുദ്രാവാക്യവുമായി പുറത്തിറങ്ങിയ കോവിലൻ പിന്നെ തിരിച്ചുകയറിയില്ല. അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ടതോടെ വിദ്യാഭ്യാസവും അവസാനിച്ചു.1943 ലാണ് അയ്യപ്പനെ കോവിലനായി രൂപാന്തരപ്പെടുത്തിയ റോയൽ നേവിയിൽ ജോലിക്കാരനാവുന്നത്. ബംഗാൾ ഉൾക്കടലിൽ ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികൾ നിരീക്ഷിക്കുന്ന ഓപ്പറേറ്ററായാണ് നിയമനം. ബർമയിലും സിങ്കപ്പൂരിലും ജോലിചെയ്തു. ഗ്രേറ്റ് ഇന്ത്യൻ നേവൽ മ്യൂട്ടിനി എന്നറിപ്പെട്ട സൈനികരുടെ ആജ്ഞാലംഘനത്തിനും ലഹളയ്ക്കും കോവിലൻ സാക്ഷിയായി. 1946 -ൽ നേവിയിലെ ജോലി ഉപേക്ഷിച്ചു. എങ്കിലും സൈനികനാവാൻ തന്നെയായിരുന്നു തീരുമാനം. 1948 -ൽ കരസേനയിൽ ചേർന്നു. കോർ ഓഫ് സിഗ്നൽസിൽ റേഡിയോ ഓപ്പറേറ്ററായി 20 വർഷം പണിയെടുത്തു. 1968ലാണ് വിരമിച്ചത്. പിന്നീട് കാണുന്നത് കണ്ടാണശ്ശേരിയിലെ ‘ഗിരി’യിൽ എഴുത്തുജന്മം സ്വീകരിച്ച കോവിലനെയാണ്. പുറംലോകത്തെ ഓരോ ചലനത്തിലും സദാ ജാഗരൂകനായ, ശക്തമായ സാമൂഹികാവബോധമുള്ള, പ്രതികരണ തീവ്രമായ മനസ്സുള്ള, അക്കാര്യത്തിൽ സൈനികന്റെ അച്ചടക്കം ലംഘിക്കുന്ന ഒരു ക്ഷുഭിത വയോധികൻ. ‘ഗിരി’ എന്ന, പട്ടാളജീവിതത്തിന്റെ സമ്പാദ്യ നിർമ്മിതിയായ വീട്ടിലാണ് കോവിലന്റെ പ്രശസ്തമായ പല കൃതികളും പിറന്നത്. 10 ചെറുകഥാ സമാഹാരങ്ങൾ, 12 നോവലുകൾ, ഒരു നാടകം, 3 ലേഖന സമാഹാരങ്ങൾ ഉൾപ്പെടെ 26 കൃതികളാണ് കോവിലന്റേതായി ഉള്ളത്. ഒരുപലം മനയോല (1957), ഈ ജീവിതം ആനന്ദമാണ് (1957), ഒരിക്കൽ മനുഷ്യനായിരുന്നു (1960), ഒരു കഷണം അസ്ഥി (1961), തേർവാഴ്ചകൾ, സുജാത (1971), ശകുനം (1974), തിരഞ്ഞെടുത്ത കഥകൾ (1980), കോവിലന്റെ കഥകൾ (1985), സുവർണകഥകൾ (2002), എന്റെ പ്രിയപ്പെട്ട കഥകൾ (2003), എന്നിവയാണ് കോവിലന്റെ കഥാസമാഹാരങ്ങൾ. തകർന്ന ഹൃദയങ്ങൾ (1946), എ മൈനസ് ബി (1958), ഏഴാമെടങ്ങൾ (1965), താഴ്വരകൾ (1969), തോറ്റങ്ങൾ (1970), ഹിമാലയം (1972), ഭരതൻ (1976), ജന്മാന്തരങ്ങൾ (1982), തട്ടകം(1995), എന്നീ നോവലുകളും ബോർഡൗട്ട്, തറവാട് എന്നീ നോവലെറ്റുകളും നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും എന്ന നാടകവും കോവിലന്റേതായിട്ടുണ്ട്.

1972 ലും 77 ലും കേരള സാഹിത്യ അക്കാദമി പുരസ്കാരം. 1998 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. കേരള സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരവും മാതൃഭൂമി പുരസ്കാരവും വയലാർ പുരസ്കാരവും നേടി. 2005 ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടി. മുട്ടത്തു വർക്കി പുരസ്കാരം, ഖത്തറിലെ പ്രവാസി എന്ന സംഘടനയുടെ ബഷീർ പുരസ്കാരം, എ.പി. കുളക്കാട് പുരസ്കാരം, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ പരിഷത്ത് അവാർഡ്, എൻ.വി. പുരസ്കാരം എന്നിവയും നേടി. 2010 ജൂൺ 2 ന് അന്തരിച്ചു.

കോവിലന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച ഓണററി ഡോക്ടറേറ്റ് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ നല്കിയില്ല. പല കാരണങ്ങൾ കൊണ്ടും അവാർഡുദാനം നീണ്ടുപോയി. അതേറ്റുവാങ്ങാതെ അദ്ദേഹം അന്തരിക്കുകയും ചെയ്തു.

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...