കളിയാക്കാവിള കൊലപാതകം: അമ്പിളിയുടെ സുഹൃത്ത് സുനില്‍കുമാർ പിടിയിൽ
തിരുവനന്തപുരം: കളിയാക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രണ്ടാം പ്രതി സുനില്‍കുമാറാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ സുനില്‍ കുമാര്‍ ഒളിവിലായിരുന്നു. ദിപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍.
പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ കട നടത്തുന്നയാളാണ് ഇയാള്‍. സുനില്‍കുമാറാണ് കൊലപാതകത്തിന് വേണ്ട ബ്ലേഡും സര്‍ജിക്കല്‍ ഗ്ലൗസും വാങ്ങി നല്‍കിയത്. കളിയാക്കാവിളയില്‍ കൃത്യം നടത്താന്‍ ഇയാളെ കൊണ്ടുവിട്ടത് സുനില്‍കുമാറാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ദീപുവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സുനിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയായ മറ്റൊരാളെ കൂടി പൊലീസ് പിടികൂടിയിരുന്നു. അതിനിടെ കന്യാകുമാരിയിലെ കുലശേഖരത്ത് ഇയാളുടെ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ സുനില്‍കുമാറിനെ പാറശാലയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് കാളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ പാപ്പനംകോട് കരമന സ്വദേശിയായ ദീപുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിസിനസ് ആവശ്യത്തിനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ദീപു. രാത്രി 12 മണിയോടെ തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു.
കാറിന്റെ ഇന്‍ഡിക്കേറ്റര് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാല്‍ പൊലീസ് വാഹനത്തിന് സമീപം എത്തുകയായിരുന്നു. കാറിന്റെ മുന്‍ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപയും ഉണ്ടായിരുന്നു.