തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈത്തിലേക്ക് പോകാൻ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്ത കേന്ദ്ര സർക്കാർ നടപടി ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശ രാജ്യങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ
കേന്ദ്ര–സംസ്ഥാന പ്രതിനിധികൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
കേരളം ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോൾ കേന്ദ്രം ഒരു മണിക്കൂറിനകം പൊളിറ്റിക്കൽ ക്ലീയറൻസ് കൊടുക്കണമായിരുന്നു. കേന്ദ്ര സർക്കാർ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഈ സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് ഒരു മന്ത്രിയെ സർക്കാർ വിടാൻ തീരുമാനിച്ചത്. ഫോണിൽ ബന്ധപ്പെടുന്നതിനൊക്കെ പരിമിതിയുണ്ട്. ആവശ്യമില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു.
മൃതദേഹങ്ങൾ ഒരുമിച്ച് ഏറ്റുവാങ്ങേണ്ട ദൗർഭാഗ്യകരമായ ഒരു അവസ്ഥയിലാണ് കേരളമെന്നും സതീശൻ പറഞ്ഞു. ചിന്തിക്കാൻ കഴിയാത്തത്ര വലിയ ദുരന്തമാണ് കുവൈത്തിൽ നടന്നത്. കുടുംബങ്ങളുടെ ദുഃഖം വിവരിക്കാനാവില്ല. ആവശ്യമായ സജ്ജീകരണങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങളുടെ മുന്നിൽ നിസഹായരായി നിൽക്കുകയാണെന്നും സതീശൻ പറഞ്ഞു.