പാലക്കാട്: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളി-മംഗളൂരു സെൻട്രൽ സെക്ടറിൽ വൺവേ വന്ദേഭാരത് സ്പെഷൽ ട്രെയിൻ (06001) സർവ്വീസ് നടത്തും. ജൂലൈ ഒന്നിന് കൊച്ചുവേളിയിൽനിന്ന് 10.45ന് പുറപ്പെട്ട് അതേ ദിവസം രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തും.
എട്ട് കോച്ചുകളുണ്ടാകും. മറ്റു സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുന്ന സമയം: കൊല്ലം-രാവിലെ 11.43, കോട്ടയം-ഉച്ചക്ക് 12.58, എറണാകുളം ടൗൺ- 2.05, തൃശൂർ- 3.23, ഷൊർണൂർ- വൈകീട്ട് 4.20, തിരൂർ-4.52, കോഴിക്കോട്-5.35, കണ്ണൂർ-6.50, കാസർകോട്-രാത്രി 8.34.
അതേസമയം, കേരളത്തിലെ നഗരങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിൻ സർവ്വീസുകൾ വർദ്ധിപ്പിക്കുന്നതിലെ കാലതാമസത്തിൽ നിരാശ പ്രകടിപ്പിച്ച് കേരള-ബെംഗളൂരു ട്രെയിൻ യൂസേഴ്‌സ് ഫോറം രംഗത്ത് വന്നു. വന്ദേ ഭാരത് ട്രെയിൻ എറണാകുളം-ബെംഗളൂരു ഇടനാഴിയിൽ എത്രയും വേഗം വിന്യസിക്കണമെന്ന് ഫോറം സെക്രട്ടറി വെങ്കിടേഷ് ടിജി ആവശ്യപ്പെട്ടു.
“പ്രധാന ഐടി ഹബ്ബുകൾ, ടൂറിസം മേഖലകൾ, ആശുപത്രികൾ എന്നിവയുള്ള രണ്ട് നഗരങ്ങൾക്കിടയിൽ ഫ്ലൈറ്റ്, ബസ് ടിക്കറ്റുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടായതിനാൽ റെയിൽവേ അവസരത്തിനൊത്ത് ഉയരണം. സ്ട്രെച്ചിലെ എല്ലാ ട്രെയിനുകളും മൂന്ന് മാസം മുമ്പ് തന്നെ റിസർവ് ചെയ്ത് കഴിഞ്ഞിരിക്കുന്നു. ഇത് ഒരു പ്രൊഫഷണലിനോ കുടുംബത്തിനോ അല്ലെങ്കിൽ അടിയന്തിര കാരണങ്ങളാൽ പെട്ടെന്ന് യാത്ര ചെയ്യേണ്ടവരെയും വലയ്ക്കുകയാണ്.”വെങ്കിടേഷ് വ്യക്തമാക്കുന്നു.
കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് എറണാകുളം-ബെംഗളൂരു ഇടനാഴിയിൽ അവതരിപ്പിക്കുമെന്നാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്.